1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Tehran vows to completely close Hormuz if powerplants hits

ഹോർമുസ് തുറക്കാൻ ട്രംപ് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും, ഊർജനിലയങ്ങളിൽ ലക്ഷ്യമിട്ടാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ക്രൂഡ് ഓയിലിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന പാതയാണ് ഹോര്‍മുസ് കടലിടുക്ക്.

Iran
മിഡില്‍ ഈസ്റ്റില്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ആഗോള എണ്ണവിപണിയുടെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും ഉപരോധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാന്‍. തങ്ങളുടെ രാജ്യത്തെ വൈദ്യുതി നിലയങ്ങള്‍ക്കോ ഊര്‍ജ്ജ പശ്ചാത്തല സൗകര്യങ്ങള്‍ക്കോ നേരെ ആക്രമണമുണ്ടായാല്‍ ലോകത്തിന്റെ ഇന്ധന വിതരണം തടസ്സപ്പെടുത്തുന്ന നീക്കത്തിലേക്ക് കടക്കുമെന്ന് ഇറാന്‍ സൈനിക വക്താക്കള്‍ അറിയിച്ചു.
 
 
ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ക്രൂഡ് ഓയിലിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇറാനെതിരെ ഇസ്രായേല്‍- അമേരിക്കന്‍ സഖ്യം ആക്രമണം കടുപ്പിച്ചതോടെ ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കം കാര്യമായി തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണ വില ഉയരുകയും ലഭ്യത കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ഹോര്‍മുസ് തുറക്കാന്‍ 48 മണിക്കൂര്‍ സമയപരിധി ഡൊണാള്‍ഡ് ട്രംപ് നല്‍കിയത്. 48 മണിക്കൂറില്‍ കടലിടുക്ക് തുറന്ന് നല്‍കിയില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്കെതിരെ ആക്രമണം നടത്തുമെന്നായിരുന്നു അമേരിക്കന്‍ ഭീഷണി. ഈ സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഊര്‍ജമേഖലയെ ലക്ഷ്യമിട്ടാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്.
 
ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ട്. ഹോര്‍മുസ് അടച്ചുപൂട്ടിയാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ധന ഇറക്കുമതിയെ അത് നേരിട്ട് ബാധിക്കും. മേഖലയിലെ പിരിമുറുക്കം കുറയ്ക്കാന്‍ ഐക്യരാഷ്ട്രസഭയും വിവിധ ഗള്‍ഫ് രാജ്യങ്ങളും നയതന്ത്ര നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും, ഇരുഭാഗത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് നിലവിലുള്ളത്.
അടുത്ത ലേഖനം
ബിജെപി വാക്ക് പാലിച്ചില്ല,തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ, ഡിഎംകെയിൽ തിരികെ ചേരുമെന്ന് ശരത് കുമാർ