USA vs Australia : ഓസ്ട്രേലിയയെ 2 ഗോളിന് തകർത്തു, റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി യുഎസ്എ
സീറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ അമേരിക്ക വിജയമുറപ്പിച്ചിരുന്നു.
സ്വന്തം മണ്ണില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി ആതിഥേയരായ അമേരിക്ക. ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുഎസ്എ പരാജയപ്പെടുത്തിയത്. സീറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ അമേരിക്ക വിജയമുറപ്പിച്ചിരുന്നു.
ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പരാഗ്വെയെ 4-1 ന് അമേരിക്ക തകര്‍ത്തിരുന്നു. ഓസ്‌ട്രേലിയക്കെതിരെയും വിജയം നേടിയതോടെയാണ് അമേരിക്ക റൗണ്ട് ഓഫ് 32ല്‍ സ്ഥാനം നേടിയത്. ആദ്യ മത്സരത്തിലെ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആക്രമിച്ചു കളിച്ച അമേരിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ഭാഗ്യം തുണച്ചു.
മത്സരത്തിന്റെ 11-ാം മിനിറ്റില്‍ തന്നെ ഓസ്ട്രേലിയന്‍ ഡിഫന്‍ഡര്‍ കമറോണ്‍ ബര്‍ഗെസിന്റെ പിഴവില്‍ നിന്നും പിറന്ന ഒരു ഓണ്‍ ഗോള്‍ ഇനത്തില്‍ അമേരിക്ക മുന്നിലെത്തി (1-0). ഈ അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്നും തിരികെ വരാന്‍ ഓസീസിന് കഴിഞ്ഞില്ല.ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ, 42-ാം മിനിറ്റില്‍ യുവതാരം അലക്‌സ് ഫ്രീമാനിലൂടെ അമേരിക്ക തങ്ങളുടെ ലീഡ് ഉയര്‍ത്തി.
രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ ലക്ഷ്യമിട്ട് ഓസ്ട്രേലിയന്‍ കോച്ച് ടോണി പോപോവിച്ച് പ്രമുഖ യുവതാരം നെസ്റ്റോറി ഇരങ്കുണ്ടയെ ഉള്‍പ്പെടെ മൂന്ന് പകരക്കാരെ ഒരേസമയം ഫീല്‍ഡിലിറക്കി കളം മാറ്റിച്ചവിട്ടി. എന്നാല്‍ ക്രിസ് റിച്ചാര്‍ഡ്‌സ്, ടിം റീം എന്നിവരടങ്ങിയ അമേരിക്കന്‍ പ്രതിരോധ നിരയെ ഭേദിക്കാന്‍ ഓസ്ട്രേലിയന്‍ മുന്നേറ്റത്തിന് സാധിച്ചില്ല.
മത്സരത്തിലുടനീളം കടുത്ത ഫൗളുകളാണ് ഇരുപക്ഷത്തുനിന്നും ഉണ്ടായത്. ഓസ്ട്രേലിയയുടെ നാല് താരങ്ങളും അമേരിക്കയുടെ മൂന്ന് താരങ്ങളും മഞ്ഞക്കാര്‍ഡ് ചോദിച്ചുവാങ്ങി. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ വെസ്റ്റണ്‍ മക്കെന്നിക്ക് പകരം ജിയോ റെയ്നയെയും ഫൊളാരിന്‍ ബലോഗുന് പകരം ഹാജി റൈറ്റിനെയും ഇറക്കി അമേരിക്ക കളി പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കുകയായിരുന്നു.
മൗറീഷ്യോ പോച്ചെറ്റിനോ എന്ന തന്ത്രശാലിയായ കോച്ചിന് കീഴില്‍ യുഎസ്എ ടീം കൃത്യമായ പ്ലാനിങ്ങോടെയാണ് ടൂര്‍ണമെന്റിനെ നേരിടുന്നത്. ക്രിസ്ത്യന്‍ പുലിസിച്ച്, ടൈലര്‍ ആഡംസ് തുടങ്ങിയ സീനിയര്‍ താരങ്ങളുടെ അനുഭവസമ്പത്തും യുവതാരങ്ങളുടെ വേഗതയും കൃത്യമായി സമന്വയിപ്പിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുന്നുണ്ട്.
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ അമേരിക്കയ്ക്ക് ഇനി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ തുര്‍ക്കിയാണ് എതിരാളികള്‍. മൂന്ന് പോയിന്റുള്ള ഓസ്ട്രേലിയക്ക് അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ പരാഗ്വെയ്ക്കെതിരെയുള്ള അടുത്ത മത്സരം ജീവന്‍മരണ പോരാട്ടമായി മാറും.ALSO READ: ബെല്‍ജിയത്തിന്റെ ഗോള്‍ഡന്‍ ജനറേഷനെ തന്നെ പാഴാക്കി, പോര്‍ച്ചുഗലിന്റെ പ്രശ്‌നം റൊണാള്‍ഡോയല്ല, റോബര്‍ട്ടോ മാര്‍ട്ടിനസ്!