1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. From Nusa to Mora: GOAL.com Lists the Breakout Stars of the 2026 World Cup

FIFA Worldcup 2026 : ഈ താരങ്ങളെ ശ്രദ്ധിച്ചോളു, ലോകകപ്പില്‍ തകര്‍ക്കും : ഗോള്‍ ഡോട്ട് കോമിന്റെ പട്ടിക കാണാം

ഗോള്‍ ഡോട്ട് കോമിന്റെ വിശകലനപ്രകാരം ഈ ലോകകപ്പിലൂടെ ലോകഫുട്‌ബോളില്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം

FIFA World Cup 2026,GOAL.com,Breakout Stars,Future Football SuperstarsAntonio Nusa,Gilberto Mora,Ibrahim Maza
എല്ലാ ലോകകപ്പിലും ഉയിര്‍ത്തുവരുന്ന താരോദയങ്ങള്‍ എപ്പോഴും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ലോകകപ്പ് തുടങ്ങുന്നത് വരെ ജൂലിയന്‍ അല്‍വാരസ്, മക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ് തുടങ്ങിയ താരങ്ങളെയൊന്നും ആരാധകര്‍ക്ക് പരിചിതമായിരുന്നില്ല. എന്നാല്‍ 2022ലെ ലോകകപ്പോട് കൂടി ഇവര്‍ ലോക ഫുട്‌ബോളിലെ തന്നെ മിന്നുന്ന താരങ്ങളാണ്. അതുപോലെ ഈ ലോകകപ്പില്‍ ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോം. ഗോള്‍ ഡോട്ട് കോമിന്റെ വിശകലനപ്രകാരം ഈ ലോകകപ്പിലൂടെ ലോകഫുട്‌ബോളില്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം
 
 യാന്‍ ഡിയോമാണ്ടെ (ഐവറി കോസ്റ്റ്)
 
ഈ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ യുവതാരങ്ങളില്‍ ഒരാളായി കണക്കാക്കപ്പെടുന്നത് ഐവറി കോസ്റ്റിന്റെ യാന്‍ ഡിയോമാണ്ടെയാണ്. ആര്‍ബി ലൈപ്‌സിഗിനായി നടത്തിയ അരങ്ങേറ്റ സീസണില്‍ തന്നെ ഗോളുകളും അസിസ്റ്റുകളും നേടി യൂറോപ്യന്‍ ഫുട്‌ബോളില്‍ വലിയ ചര്‍ച്ചയായി മാറിയ താരം ഇതിനോടകം തന്നെ ലിവര്‍പൂള്‍, പിഎസ്ജി പോലുള്ള ക്ലബ്ബുകളുടെ റഡാറിലുണ്ട്. വേഗതയും ഡ്രിബ്ലിംഗ് മികവും ആക്രമണ ഭാവവും ഡിയോമാണ്ടെയെ ലോകകപ്പിലെ 'എക്സ് ഫാക്ടര്‍' ആക്കുമെന്നാണ് വിലയിരുത്തല്‍.
 
ഗില്‍ബെര്‍ട്ടോ മോറ (മെക്‌സിക്കോ)
 
മെക്‌സിക്കോയുടെ 17കാരന്‍ ഗില്‍ബെര്‍ട്ടോ മോറ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിലൊരാളാണ്. എങ്കിലും ടീമിന്റെ സൃഷ്ടിപരമായ മധ്യനിര ചുമതല ഇതിനോടകം തന്നെ മോറയുടെ ചുമലിലേക്കെത്തിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് മാസങ്ങള്‍ പുറത്തിരുന്നെങ്കിലും ലോകകപ്പിന് മുമ്പായി മികച്ച ഫോമിലേക്കെത്തിയ താരം യൂറോപ്യന്‍ വമ്പന്‍ ക്ലബ്ബുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ മെക്‌സിക്കോയുടെ ഭാവി നേതാവായി മോറയെ കണക്കാക്കുന്നു.
 
 ആന്റോണിയോ നുസ (നോര്‍വെ)
 
എര്‍ലിങ് ഹാലണ്ടും മാര്‍ട്ടിന്‍ ഒഡേഗാര്‍ഡും നിറഞ്ഞ നോര്‍വെ ടീമില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത പേരാണ് ആന്റോണിയോ നുസ. എന്നാല്‍ ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ആര്‍ബി ലൈപ്‌സിഗിനായി നടത്തിയ പ്രകടനങ്ങള്‍ നുസയെ ലോക ഫുട്‌ബോളിലെ ഏറ്റവും അപകടകാരിയായ വിങ്ങര്‍മാരില്‍ ഒരാളാക്കി മാറ്റിയിട്ടുണ്ട്. ഹാലണ്ടിന് അവസരങ്ങള്‍ ഒരുക്കുന്ന ക്രിയേറ്റീവ് താരമായി മാത്രമല്ല, സ്വയം മത്സരഫലം മാറ്റിമറിക്കാന്‍ കഴിവുള്ള ആക്രമണ താരമായും നുസയെ വിലയിരുത്തുന്നു. ALSO READ: FIFA Worldcup 2026 : Worldcup Debutants : യമാൽ മുതൽ ഹാലൻഡ് വരെ, ഈ ലോകകപ്പിൽ ശ്രദ്ധ വെയ്ക്കെണ്ട കന്നിയങ്കക്കാർ ഇവർ
 
 ഇബ്രാഹിം മസ (അള്‍ജീരിയ)
 
ബയര്‍ ലെവര്‍കൂസനായി മികച്ച സീസണ്‍ പൂര്‍ത്തിയാക്കിയ ഇബ്രാഹിം മസ അള്‍ജീരിയന്‍ ദേശീയ ടീമിന്റെ പുതിയ പ്രതീക്ഷയാണ്. ''മസഡോണ'' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന താരം ഫ്‌ലോറിയന്‍ വിറ്റ്‌സിനോട് താരതമ്യം ചെയ്യപ്പെടുന്നുണ്ട്. മികച്ച പാസിങ്, ബോള്‍ കണ്ട്രോള്‍, ആക്രമണ സ്വഭാവം എന്നിവ മസയെ യൂറോപ്പിലെ ശ്രദ്ധേയ യുവതാരമാക്കി. ലോകകപ്പില്‍ അള്‍ജീരിയയെ നയിക്കുന്ന യുവതാരങ്ങളില്‍ പ്രധാനിയാണ് .
 
 നെസ്റ്ററി ഇറന്‍കുണ്ട (ഓസ്‌ട്രേലിയ)
 
2022 ലോകകപ്പില്‍ അത്ഭുത പ്രകടനം നടത്തിയ ഓസ്‌ട്രേലിയ ഇത്തവണ കൂടുതല്‍ യുവതാരങ്ങളുമായാണ് എത്തുന്നത്. അതില്‍ ഏറ്റവും ആവേശകരമായ പേര് നെസ്റ്ററി ഇറന്‍കുണ്ടയുടേതാണ്. വേഗതയും ആക്രമണ മികവും കൊണ്ട് ഇതിനോടകം ആരാധകരുടെ പ്രിയതാരമായി മാറിയ ഇയാള്‍ ലോകകപ്പില്‍ വലിയ മുന്നേറ്റം നടത്തുമെന്നാണ് ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ പ്രതീക്ഷിക്കുന്നത്. 
 
ജോഹാന്‍ മന്‍സാംബി (സ്വിറ്റ്‌സര്‍ലാന്‍ഡ്)
 
ഫ്രൈബര്‍ഗിന്റെ യൂറോപ്പ ലീഗ് ഫൈനല്‍ യാത്രയില്‍ നിര്‍ണായക പങ്കുവഹിച്ച ജോഹാന്‍ മന്‍സാംബി ഇപ്പോള്‍ യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകളുടെ നിരീക്ഷണത്തിലാണ്. സ്റ്റാമിനയും പാസിങ് മികവും ചേര്‍ന്ന മിഡ്ഫീല്‍ഡ് പ്രകടനം സ്വിറ്റ്‌സര്‍ലാന്‍ഡിന് ലോകകപ്പില്‍ വലിയ കരുത്താകുമെന്ന് വിലയിരുത്തപ്പെടുന്നു. ഗ്രാനിറ്റ് ഷാക്കയ്‌ക്കൊപ്പം മധ്യനിരയില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനുള്ള കഴിവും മന്‍സാംബിക്കുണ്ട്. 
 
 ബെന്‍ ഗാനണ്‍-ഡോക് (സ്‌കോട്‌ലാന്‍ഡ്)
 
ലിവര്‍പൂളില്‍ ശ്രദ്ധേയ തുടക്കം ലഭിച്ചെങ്കിലും പരിക്കുകള്‍ കരിയറിനെ ബാധിച്ച താരമാണ് ബെന്‍ ഗാനണ്‍-ഡോക്. എന്നിരുന്നാലും സ്‌കോട്‌ലാന്‍ഡിനായി നടത്തിയ പ്രകടനങ്ങള്‍ ഇപ്പോഴും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. നേരിട്ട് പ്രതിരോധ താരങ്ങളെ മറികടക്കുന്ന ആക്രമണ ശൈലിയും ക്രോസ് മികവും സ്‌കോട്‌ലാന്‍ഡിന്റെ പ്രധാന ആയുധമായി മാറാന്‍ സാധ്യതയുണ്ട്. 
 
2026 ലോകകപ്പ് ലോക ഫുട്‌ബോളിലെ പുതിയ തലമുറയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വേദിയാകുമെന്നുറപ്പാണ്. ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോലുള്ള ഇതിഹാസങ്ങളുടെ അവസാന ലോകകപ്പ് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തന്നെ, അടുത്ത ദശാബ്ദത്തെ ലോക ഫുട്‌ബോള്‍ നിയന്ത്രിക്കാന്‍ പോകുന്ന പുതിയ സൂപ്പര്‍താരങ്ങള്‍ ആരൊക്കെയാകും എന്ന ആകാംക്ഷയും ലോകകപ്പിനെ ചുറ്റിപറ്റി ഉയരുന്നുണ്ട്. ALSO READ: ലോകകപ്പ് കാണാൻ ഒടുവിൽ വഴിയൊരുങ്ങുന്നു!, സീയുമായി ഫിഫ അന്തിമ കരാറിലെത്തിയെന്ന് റിപ്പോർട്ടുകൾ
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇന്ന് മുതൽ ഇനി ഉറക്കമില്ലാത്ത രാത്രികൾ, ഫിഫ ലോകകപ്പിന് ഇന്ന് കിക്കോഫ്, മത്സരങ്ങൾ എവിടെ കാണാം, എല്ലാ വിവരങ്ങളും