ക്ലോസെയെ ക്ലോസാക്കി മെസി മാജിക്; എംബാപ്പെ ഓടിയെത്തുന്നു
ഓസ്ട്രിയയ്‌ക്കെതിരായ ഗ്രൂപ്പ്ഘട്ട മത്സരത്തിൽ ഇരട്ടഗോൾ നേടിയ മെസി തന്റെ ലോകകപ്പ് ഗോളുകളുടെ എണ്ണം 18 ആക്കി
Lionel Messi
ലോകകപ്പിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി അർജന്റീന സൂപ്പർതാരം ലയണൽ മെസി. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടം കൈവരിച്ചു. ജർമനിയുടെ മിറോസ്ലാവ് ക്ലോസയെ മറികടന്നാണ് നേട്ടം.
ഓസ്ട്രിയയ്‌ക്കെതിരായ ഗ്രൂപ്പ്ഘട്ട മത്സരത്തിൽ ഇരട്ടഗോൾ നേടിയ മെസി തന്റെ ലോകകപ്പ് ഗോളുകളുടെ എണ്ണം 18 ആക്കി. ജർമനിക്കായി നാല് ലോകകപ്പുകളിൽ കളിച്ച ക്ലോസെയ്ക്ക് 16 ഗോളുകളാണ് ഉള്ളത്. ആറ് ലോകകപ്പുകളിൽ കളിച്ച മെസി അഞ്ചിലും സ്‌കോർ ചെയ്തു. ഈ ലോകകപ്പിൽ അർജന്റീന അഞ്ച് ഗോളുകളാണ് നേടിയത്, അഞ്ചും മെസി വക !
അതേസമയം ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ മെസിക്കു പിന്നാലെയുണ്ട്. 2018 ലോകകപ്പിൽ അരങ്ങേറിയ എംബാപ്പെ മൂന്ന് ലോകകപ്പുകളിലായി 16 ഗോളുകൾ ഇതിനോടകം നേടിക്കഴിഞ്ഞു, ക്ലോസെയ്ക്ക് ഒപ്പം. അർജന്റീനയുടെ മത്സരത്തിനു പിന്നാലെ ഇറാഖിനെതിരായ മത്സരത്തിൽ ഇരട്ടഗോൾ നേടിയാണ് ഫ്രാൻസ് താരം തന്റെ ലോകകപ്പ് ഗോളുകളുടെ എണ്ണം 14 ൽ നിന്ന് 16 ആക്കി ഉയർത്തിയത്.