ബ്രസീൽ ടീം ഇന്ത്യയിലേക്ക്; സൗഹൃദ മത്സരം ഒക്ടോബർ മൂന്നിന്
ഒക്ടോബർ മൂന്നിന് കൊൽക്കത്തയിൽ വെച്ചായിരിക്കും ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം
ബ്രസീൽ രാജ്യാന്തര ഫുട്‌ബോൾ ടീം ഇന്ത്യയിലേക്ക് എത്തുന്നു. ഇന്ത്യയുമായി ബ്രസീൽ സൗഹൃദ മത്സരം കളിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (AIFF) അറിയിച്ചു.
ഒക്ടോബർ മൂന്നിന് കൊൽക്കത്തയിൽ വെച്ചായിരിക്കും ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം. ഫിഫ വിൻഡോയുടെ ഭാഗമായി 2026 ൽ മൂന്ന് മത്സരങ്ങളാണ് ബ്രസീലിന് ശേഷിക്കുന്നത്. ഇതിൽ രണ്ടെണ്ണം ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്. ഇന്ത്യക്കെതിരെ നടക്കാൻ പോകുന്നത് ഈ വർഷത്തെ ബ്രസീലിന്റെ അവസാന സൗഹൃദ മത്സരമായിരിക്കും.
1992 ൽ ഫിഫ ലോക റാങ്കിങ് അവതരിപ്പിച്ചതിനു ശേഷം ഇന്ത്യ കളിക്കുന്ന റാങ്കിങ്ങിലെ ഏറ്റവും ഉയർന്ന ടീമാണ് ബ്രസീൽ. നിലവിൽ അഞ്ചാം സ്ഥാനത്താണ് ബ്രസീൽ. അഞ്ച് തവണ ലോക ചാംപ്യൻമാരായ ബ്രസീൽ ഇന്ത്യയിലേക്ക് എത്തുമ്പോൾ ആരാധകരും വലിയ ആവേശത്തിലാണ്. ബ്രസീൽ ടീമിന് ഇന്ത്യയിൽ വലിയ സ്വീകരണം ഒരുക്കാനാണ് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ആലോചിക്കുന്നത്.