ഫൈനലിൽ രസം കൊല്ലിയായി ഹാഫ് ടൈമിൽ സ്റ്റേജ് ഷോ?, ഷക്കീറ മുതൽ ബിടിഎസ് വരെ, അര മണിക്കൂർ പരിപാടി!
ലോകകപ്പ് ഫുട്‌ബോളെന്ന കായികമാമാങ്കത്തിന് തിരശ്‌സീല വീഴുമ്പോള്‍ ഫൈനല്‍ മത്സരത്തില്‍ നിറം കൂട്ടാന്‍ വമ്പന്‍ സ്റ്റേജ് ഷോ ഒരുക്കാന്‍ ഫിഫ. ന്യൂയോര്‍ക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ ലോകസംഗീതത്തിലെ തന്നെ വമ്പന്മാരെ ഒന്നിച്ചണിനിരത്തി അവിസ്മരണീയമാക്കാനാണ് ഫിഫയുടെ തീരുമാനം. ഫൈനല്‍ മത്സരത്തിന്റെ ഹാഫ് ടൈമില്‍ അരമണിക്കൂര്‍ നീണ്ട പരിപാടിയാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഫൈനല്‍ ദിനത്തിന് നിറം പകരാനായി പോപ്പ് താരങ്ങളായ ഷക്കീറ, മഡോണ, ജസ്റ്റിന്‍ ബൈബര്‍, കെ പോപ്പ് താരങ്ങളായ ബിടിഎസ്, ബര്‍ണ ബോയ്, ഡീസ് 22, കോള്‍ഡ് പ്ലേ തുടങ്ങിയവരുടെ പ്രകടനങ്ങളും ഫൈനല്‍ ദിവസത്തിലുണ്ടാകും.ഷക്കീറയും ബര്‍ണാ ബോയും ഉദ്ഘാടനചടങ്ങില്‍ പാടിയിരുന്നു. പക്ഷേ മത്സരത്തിന്റെ ഹാഫ് ടൈമില്‍ സംഗീത പരിപാടികള്‍ക്കായി 25 മിനിറ്റോളം എടുക്കുമെന്നാണ് വിവരം. സാധാരണ ഇടവേളയായി 15 മിനിറ്റ് നേരമാണ് എടുക്കാറുള്ളത്.
എത്ര മിനിറ്റ് ഇടവേളയുണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മത്സരത്തിന്റെ ആദ്യപകുതിക്ക് ശേഷമുള്ള ഇടവേള 15 മിനിറ്റില്‍ കൂടുതലാകരുതെന്നാണ് ഫിഫയുടെ ചട്ടം. ഇടവേള നീട്ടുന്നത് ചട്ടലംഘനമാണ്. കഴിഞ്ഞ ക്ലബ് ലോകകപ്പ് ഫൈനലില്‍ ഹാഫ് ടൈം ഇടവേള 25 മിനിറ്റായിരുന്നു. വമ്പന്‍ താരനിര പ്രകടനങ്ങള്‍ക്ക് സജ്ജമായതിനാല്‍ തന്നെ ഫിഫയുടെ ചട്ടങ്ങള്‍ കാറ്റില്‍ പറത്താനുള്ള സാധ്യത തള്ളികളയാനാകില്ല.വിഷയത്തില്‍ ഫിഫ പക്ഷേ ഇതുവരെയും പ്രതികരിച്ചിട്ടില്ല.