Argentina vs Egypt: ബ്ലഡി സൈക്കോ കം ബാക്ക് ! 79 മിനിറ്റ് വരെ തോറ്റുനിന്ന അർജന്റീനയുടെ 'ഞെട്ടിക്കൽ കളി'
മത്സരത്തിന്റെ 15-ാം മിനിറ്റിൽ യാസർ ഇബ്രാഹിമിലൂടെ ഈജിപ്ത് അർജന്റീനയെ ഞെട്ടിച്ചു
Argentina
Argentina vs Egypt: ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ തോൽപ്പിച്ച് അർജന്റീന ക്വാർട്ടറിൽ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. മത്സരത്തിന്റെ 79 മിനിറ്റ് വരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് 'തോറ്റുനിന്ന' ശേഷമാണ് നിലവിലെ ലോക ചാംപ്യൻമാരുടെ അവിശ്വസനീയമായ തിരിച്ചുവരവ്.
മത്സരത്തിന്റെ 15-ാം മിനിറ്റിൽ യാസർ ഇബ്രാഹിമിലൂടെ ഈജിപ്ത് അർജന്റീനയെ ഞെട്ടിച്ചു. തൊട്ടുപിന്നാലെ ഒരു പെനാൽറ്റി അവസരം ലഭിച്ചെങ്കിലും സാക്ഷാൽ ലയണൽ മെസി തന്നെ അത് പാഴാക്കി. ആദ്യ പകുതിയിൽ ഈജിപ്ത് നിറഞ്ഞുകളിച്ചപ്പോൾ അർജന്റീനയ്ക്കു ഉത്തരമുണ്ടായില്ല.
രണ്ടാം പകുതിയിലും ഈജിപ്ത് അർജന്റീനയെ ഞെട്ടിച്ചു. 67-ാം മിനിറ്റിൽ മുസ്തഫ സിക്കോയിലൂടെ ഈജിപ്തിന്റെ രണ്ടാം ഗോൾ. പൂർണമായി അർജന്റീന പ്രതിരോധത്തിലായി. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ആരാധകർ പോലും കരുതി. എന്നാൽ ചാംപ്യൻമാർ ചാംപ്യൻമാരുടെ കളി പുറത്തെടുത്തു. 79-ാം മിനിറ്റിൽ മെസിയുടെ പാസിൽ നിന്ന് ക്രിസ്റ്റ്യൻ റൊമെരോയിലൂടെ അർജന്റീന ആദ്യഗോൾ നേടി. ആ നിമിഷം മുതൽ ഈജിപ്ത് കളിയിൽ നിന്ന് പൂർണമായി പുറത്ത്. പിന്നെ കണ്ടത് അർജന്റീനയുടെ സിനിമയെ വെല്ലുന്ന പ്രകടനം.
ആദ്യ ഗോളിനു ശേഷം പൂർണമായി പന്തടക്കം അർജന്റീനയ്‌ക്കൊപ്പം ആയിരുന്നു. 83-ാം മിനിറ്റിൽ ലയണൽ മെസി വക രണ്ടാം ഗോൾ. ഫൈനൽ വിസിലിനു മുൻപ് എൻസോ ഫെർണാണ്ടസ് വക മൂന്നാം ഗോളും നേടി അർജന്റീന ക്വാർട്ടറിൽ. സ്വിറ്റ്‌സർലാൻഡിനെയാണ് ക്വാർട്ടറിൽ അർജന്റീന നേരിടുക.