നീ റൺസ് അടിക്കുന്നതും അല്ലാത്തതും വേറെ കാര്യം, അക്കാര്യം തിരുത്തിയില്ലെങ്കിൽ പണി വാങ്ങും, സഞ്ജുവിന് ഉപദേശം നൽകിയിരുന്നെന്ന് യുവരാജ് സിംഗ്
സമയം ലഭിക്കുമ്പോള്‍ നമുക്കൊന്ന് സംസാരിക്കാമെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു.
മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് ശൈലിയിലെ പോരായ്മകള്‍ പരിഹരിക്കാന്‍ താന്‍ നടത്തിയ ഇടപെടലിനെ പറ്റി എന്ന വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്. സ്‌പോര്‍ട്‌സ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജുവിന് നല്‍കിയ നിര്‍ണ്ണായക ഉപദേശങ്ങളെക്കുറിച്ച് യുവി മനസ് തുറന്നത്.
കഴിഞ്ഞ രണ്ട് മൂന്ന് ഐപിഎല്‍ സീസണുകളിലെ സഞ്ജുവിന്റെ ബാറ്റിംഗ് സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്നും 2024ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തീന് ശേഷമാണ് സഞ്ജുവിന്റെ ബാറ്റിങ്ങിലെ പ്രശ്‌നങ്ങളെ പറ്റി സംസാരിച്ചതെന്നും യുവരാജ് പറയുന്നു. സമയം ലഭിക്കുമ്പോള്‍ നമുക്കൊന്ന് സംസാരിക്കാമെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു. പ്രധാനമായും ഫൂട്ട് വര്‍ക്ക് മെച്ചപ്പെടുത്തണമെന്നായിരുന്നു സഞ്ജുവിനോട് പറഞ്ഞത്.
'നിന്റെ ഫുട്വര്‍ക്ക് മെച്ചപ്പെടുത്തിയില്ലെങ്കില്‍ നീ നിരന്തരം കുഴപ്പങ്ങളില്‍ ചാടും' നീ റണ്‍സ് നേടുന്നതും അല്ലാത്തതുമൊക്കെ വേറെ കാര്യം. പക്ഷേ നീ ഫൂട്ട് വര്‍ക്ക് മെച്ചപ്പെടുത്തിയെ തീരുവെന്ന് സഞ്ജുവിനോട് പറഞ്ഞു. ബാറ്റിംഗ് എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെ പറ്റി ഞാന്‍ അവന് ചില നിര്‍ദേശങ്ങള്‍ നല്‍കി. അവന്‍ കൂടുതല്‍ സമയം ചെലവഴിച്ചതോടെ അവന്റെ ഫൂട്ട് വര്‍ക്ക് മെച്ചപ്പെട്ടു. കഠിനമായി അവന്‍ പരിശ്രമിച്ചതിന്റെ ഫലമാണതെന്നും യുവരാജ് പറഞ്ഞു.
അതേസമയം, ഐപിഎല്‍ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളത്തിലിറങ്ങിയ സഞ്ജുവിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും രണ്ടക്കം കടക്കാന്‍ സാധിക്കാതെ താരം പുറത്തായത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്.വരും മത്സരങ്ങളില്‍ സഞ്ജു കരുത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.