Shubman Gill: പരുക്ക് അത്ര ഗുരുതരമായിരുന്നില്ല, മാറ്റിനിര്‍ത്തിയത് മനപ്പൂര്‍വ്വം; ഗില്‍ അതൃപ്തിയില്‍
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്ന് കളികളില്‍ നിന്ന് 31 പന്തില്‍ 32 റണ്‍സ് മാത്രമാണ് ഗില്‍ നേടിയത്
Shubman Gill
Shubman Gill: മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുഭ്മാന്‍ ഗില്ലിനെ ട്വന്റി 20 ഫോര്‍മാറ്റില്‍ ഉപനായകനാക്കിയത്. എന്നാല്‍ തനിക്കു ലഭിച്ച അവസരം മുതലെടുക്കാന്‍ താരത്തിനു സാധിച്ചില്ല. മോശം പ്രകടനത്തെ തുടര്‍ന്ന് ഗില്ലിനെ ട്വന്റി 20 ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്ന് കളികളില്‍ നിന്ന് 31 പന്തില്‍ 32 റണ്‍സ് മാത്രമാണ് ഗില്‍ നേടിയത്. ഇതോടെ താരത്തെ അടുത്ത രണ്ട് മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ തീരുമാനിച്ചു. നാലാമത്തെ മത്സരം കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് റദ്ദാക്കിയപ്പോള്‍ അഞ്ചാം ടി20 മത്സരത്തില്‍ ഗില്ലിനു പകരം സഞ്ജു സാംസണ്‍ ടീമിലെത്തുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തു. ഇതോടെ ലോകകപ്പ് ടീമിലേക്കുള്ള ഗില്ലിന്റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു.
കാല്‍വിരലിലെ പരുക്കിനെ തുടര്‍ന്നാണ് ഗില്ലിനെ അവസാന രണ്ട് ടി20 യില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതെന്ന് ബിസിസിഐ വിശദീകരിക്കുമ്പോഴും അതല്ല കാരണമെന്ന് വ്യക്തം. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ഗില്ലിന്റെ കാലിലെ പരുക്ക് ഗുരുതരമായിരുന്നില്ല. ഗില്ലിനു അഞ്ചാം ടി20 കളിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് മനപ്പൂര്‍വ്വം ഗില്ലിനെ മാറ്റിനിര്‍ത്തുകയായിരുന്നു.
മാത്രമല്ല ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ലെന്ന് ഗില്ലിനെ ടീം മാനേജ്‌മെന്റ് അറിയിച്ചിട്ടില്ല. ടീം പ്രഖ്യാപനത്തിനു ശേഷമാണ് ഗില്‍ ഇക്കാര്യം അറിഞ്ഞത്. ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ ഗില്ലിനു അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.