അഭിറാം മനോഹർ|
Last Modified വ്യാഴം, 18 ഡിസംബര്‍ 2025 (17:56 IST)
പരിശീലനത്തിനിടെ കാല്‍വിരലിന് പരുക്കേറ്റ ഇന്ത്യന്‍ ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിന് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരവും നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. നാലാം ടി20 മത്സരത്തിന് മുന്‍പായി ലഖ്‌നൗവില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഗില്ലിന്റെ കാല്‍ വിരലിന് പരുക്കേറ്റത്. ഗില്ലിനെ ഔദ്യോഗികമായി ഒഴിവാക്കിയിട്ടില്ലെങ്കിലും അവസാന ടി20 മത്സരത്തില്‍ താരം കളിക്കില്ലെന്നാണ് സൂചന.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ചയാണ്
അഞ്ചാം ടി20 മത്സരം. ലഖ്‌നൗവിലെ മത്സരത്തിന് മുന്‍പായി ഗില്‍ പ്ലേയിങ് ഇലവനിലില്ലെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നു. എന്നാല്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചതോടെ ഗില്ലിന് പകരം ഓപ്പണറാകാനുള്ള അവസരം സഞ്ജു സാംസണ് നഷ്ടമായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിലാണ് സഞ്ജു അവസാനമായി പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചത്.
ശുഭ്മാന്‍ ഗില്ലിന് കൂടുതല്‍ അവസരങ്ങളൊരുക്കുന്നതിനായാണ് ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും സഞ്ജു സാംസണെ ടീം ബെഞ്ചിലിരുത്തിയത്. ധരംശാലയില്‍ നടന്ന മൂന്നാം ടി20 മത്സരത്തില്‍ 28 പന്തില്‍ 28 റണ്‍സ് നേടിയെങ്കിലും വലിയ വിമര്‍ശനങ്ങളാണ് ഗില്ലിന്റെ ബാറ്റിങ്ങിനെതിരെ ഉയരുന്നത്.