രേണുക വേണു|
Last Modified ഞായര്‍, 21 ഡിസംബര്‍ 2025 (07:34 IST)
Shubman Gill: ശുഭ്മാന്‍ ഗില്ലിനെ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് മോശം ഫോമിനെ തുടര്‍ന്ന്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഗില്ലിനെ മാറ്റിനിര്‍ത്തുകയാണ് ഉചിതമെന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ തീരുമാനമെടുക്കുകയായിരുന്നു. നായകന്‍ സൂര്യകുമാര്‍ യാദവും ഗില്ലിനു പകരം സഞ്ജു സാംസണ്‍ കളിക്കുകയാണ് ടീമിനു ഗുണം ചെയ്യുകയെന്ന് അഭിപ്രായപ്പെട്ടു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ട്വന്റി 20 മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ച ഗില്‍ 31 പന്തുകളില്‍ നിന്ന് 32 റണ്‍സ് മാത്രമാണ് നേടിയിരിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്കു ശേഷം ടി20 ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തിയ ഗില്ലിനു ഇന്ത്യക്കായി കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചിട്ടുമില്ല. ഗില്‍ റണ്‍സ് കണ്ടെത്താത്തതാണ് ഒഴിവാക്കാന്‍ കാരണമെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു.
ടി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ശേഷം 15 ഇന്നിങ്‌സുകളില്‍ നിന്ന് 138 സ്‌ട്രൈക് റേറ്റില്‍ 291 റണ്‍സ് മാത്രമാണ് ഗില്‍ നേടിയിരിക്കുന്നത്.
2025 ലെ ഗില്ലിന്റെ ട്വന്റി 20 സ്‌കോറുകള്‍ ഇങ്ങനെ: 20* (9), 10 (7), 5 (8), 47 (28), 29 (19), 4 (3), 12 (10), 37* (20), 5 (10), 15 (12), 46 (39), 29* (16), 4 (2), 0 (1), 28 (28). ഇക്കാലയളവില്‍ ഒരു അര്‍ധ സെഞ്ചുറി പോലും താരത്തിനു നേടാന്‍ സാധിച്ചിട്ടില്ല.