ഇനി ഒരുപാട് വൈകില്ല, 14കാരന് മുന്നില്‍ ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറക്കും, വൈഭവ് സൂര്യവംശിയുടെ ഭാവി പ്രവചിച്ച് അശ്വിന്‍
അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ വെറും 80 പന്തുകളില്‍ 175 റണ്‍സാണ് വൈഭവ് നേടിയത്.
അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ വൈഭവ് സൂര്യവംശിയുടെ 80 പന്തിലെ 175 റണ്‍സ് പ്രകടനം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നതിനിടെ താരത്തിന് ഉടന്‍ തന്നെ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്ര അശ്വിന്‍. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് വൈഭവിന് വൈകാതെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അവസരം ലഭിക്കുമെന്ന് അശ്വിന്‍ വ്യക്തമാക്കിയത്.
അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ വെറും 80 പന്തുകളില്‍ 175 റണ്‍സാണ് വൈഭവ് നേടിയത്. 15 ഫോറുകളും 15 സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്ങ്‌സ്. ടൂര്‍ണമെന്റിലെ വേഗമേറിയ സെഞ്ചുറികളില്‍ ഒന്നായിരുന്നു ഇത്.
ആ ഇന്നിംഗ്‌സ്, ലോകകപ്പ് ഫൈനലിലെ ഏറ്റവും ഭീകരമായ ബാറ്റിംഗ് പ്രകടനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ടൂര്‍ണമെന്റില്‍ വേഗമേറിയ സെഞ്ചുറികളിലൊന്നും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റും സ്വന്തമാക്കിയ താരം, റണ്‍സ് പട്ടികയിലും മുന്‍നിരയില്‍ എത്തി. അവന്‍ നേടിയ റണ്‍സിന്റെ 85 ശതമാനവും ബൗണ്ടറികളില്‍ നിന്നാണ്. 300ന് മുകളിലുള്ള ലക്ഷ്യം പിന്തുടര്‍ന്ന സെമിഫൈനല്‍ മത്സരത്തില്‍ 33 പന്തില്‍ 68 റണ്‍സാണ് വൈഭവ് നേടിയത്. വലിയ മത്സരങ്ങളിലും പക്വതയോടെ കളിക്കാനാവുമെന്ന് അവന്‍ തെളിയിച്ചു. ടൂര്‍ണമെന്റില്‍ ആകെ നേടിയ റണ്‍സിന്റെ 78 ശതമാനവും ബൗണ്ടറികളിലൂടെ. 30 സിക്‌സുകള്‍. അവന്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ വാതിലുകള്‍ ശക്തമായി മുട്ടികൊണ്ടിരിക്കുകയാണ്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ വാതില്‍ അവന് മുന്നില്‍ തുറക്കപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല. അശ്വിന്‍ കുറിച്ചു.