Vaibhav Sooryavanshi : പ്രായമൊക്കെ ഇനിയെന്തിന് നോക്കുന്നു, വൈഭവിനെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ഗവാസ്കർ
വൈഭവിന്റെ പ്രായത്തെപറ്റി വേവലാതിപ്പെടാതെ അവന്റെ ബാറ്റിംഗ് മികവാണ് സെലക്ടര്‍മാര്‍ നോക്കേണ്ടത്.
15 വയസ്സുകാരനായ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരെഞ്ഞെടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഗവാസ്‌കര്‍. വൈഭവിനെ ഒരു ഭാവി വാഗ്ദാനം എന്ന നിലയില്‍ കാണേണ്ടതില്ലെന്നും ഇപ്പോള്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ അവന്‍ പ്രാപ്തനാണെന്നും ഗവാസ്‌കര്‍ പറയുന്നു.
വൈഭവിന്റെ പ്രായത്തെപറ്റി വേവലാതിപ്പെടാതെ അവന്റെ ബാറ്റിംഗ് മികവാണ് സെലക്ടര്‍മാര്‍ നോക്കേണ്ടത്. തന്നേക്കാള്‍ 15 വയസ് കൂടുതല്‍ പ്രായമുള്ളവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് തെളിയിച്ചവരുമായ ബൗളിങ്ങ് നിരക്കെതിരെ വൈഭവ് നടത്തുന്ന പ്രകടനങ്ങള്‍ അസാമാന്യമാണ്. അതിനാല്‍ തന്നെ ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അവന് അവസരം നല്‍കണം. സുനില്‍ ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.
വൈഭവിന്റെ പ്രത്യേകത അവന്റെ ഭയമില്ലാത്ത സമീപനമാണ്. പാര്‍ക്കിലും മറ്റും കുട്ടികള്‍ കളിക്കുന്നത് പോലെ പ്രതിരോധത്തെ പറ്റി ചിന്തിക്കുക പോലും ചെയ്യാതെയാണ് അവന്‍ കളിക്കുന്നത്. അവനിലെ കുട്ടിത്തം ഒരിക്കലും നഷ്ടപ്പെടരുതെന്നാണ് ആഗ്രഹം. വൈഭവ് വെറുമൊരു സ്ലോഗര്‍ അല്ലെന്നും മറിച്ച് സാങ്കേതിക തികവുള്ള ഹിറ്ററാണെന്നും പന്തിന്റെ വേഗതയ്ക്കനുസരിച്ച് ഫൂട്ട് വര്‍ക്ക് ക്രമീകരിക്കാനുള്ള കഴിവ് വൈഭവിനെ മികച്ച കളിക്കാരനാക്കുന്നതായും ഗവാസ്‌കര്‍ പറഞ്ഞു.