Royal Challengers Bengaluru: 'രാജകീയം, തുടർകിരീടം'; മറ്റാര് ആർസിബി അല്ലാതെ...!
വിരാട് കോലി ആർസിബിക്കായി അർധ സെഞ്ചുറി നേടി
Virat Kohli (RCB)
Royal Challengers Bengaluru: ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിനു തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു തുടർ കിരീടം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ ഒതുങ്ങി. മറുപടി ബാറ്റിങ്ങിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 12 പന്തുകൾ ശേഷിക്കെ ആർസിബി ലക്ഷ്യം കണ്ടു.
വിരാട് കോലി ആർസിബിക്കായി അർധ സെഞ്ചുറി നേടി. 42 പന്തിൽ ഒൻപത് ഫോറും മൂന്ന് സിക്‌സും സഹിതം 75 റൺസുമായി കോലി പുറത്താകാതെ നിന്നു. വെങ്കടേഷ് അയ്യർ (16 പന്തിൽ 32), രജത് പട്ടിദാർ (13 പന്തിൽ 15), ടിം ഡേവിഡ് (17 പന്തിൽ 24), ജിതേഷ് ശർമ (14 പന്തിൽ പുറത്താകാതെ 11) എന്നിവരും ജയത്തിൽ നിർണായകമായി.
37 പന്തിൽ 50 റൺസെടുത്ത വാഷിങ്ടൺ സുന്ദർ ആണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ, നിഷാന്ത് സിന്ദു (18 പന്തിൽ 20), ജോസ് ബട്‌ലർ (23 പന്തിൽ 19) എന്നിവരും പൊരുതി നോക്കി. ആർസിബിക്കായി റാഷിക് സലാം ദാർ മൂന്നും ജോഷ് ഹെയ്‌സൽവുഡ്, ഭുവനേശ്വർ കുമാർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി. ക്രുണാൽ പാണ്ഡ്യ നാല് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.