അഭിറാം മനോഹർ|
Last Modified വെള്ളി, 6 ഫെബ്രുവരി 2026 (12:36 IST)
പരിശീലനത്തിനിടെ ഇംഗ്ലണ്ട് ടെസ്റ്റ് നായകനായ ബെന്‍ സ്റ്റോക്‌സിന് ഗുരുതരമായ പരിക്ക്. ഡര്‍ഹാമിലെ നെറ്റ്സ് സെഷനില്‍ വശത്ത് നില്‍ക്കവെ പന്ത് മുഖത്ത് കൊണ്ടാണ് താരത്തിന് ഗുരുതരമായി പരിക്കേറ്റത്.
വീര്‍ത്തുനില്‍ക്കുന്ന വലതുകണ്ണും കവിളിലും ചുണ്ടിലും മുറിവുകളും നിറഞ്ഞ ചിത്രം ബെന്‍ സ്റ്റോക്‌സ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
തന്റെ സ്വതസിദ്ധമായ ഫൈറ്റിംഗ് മെന്റാലിറ്റിയില്‍ എന്റെ അവസ്ഥ ഇതാണെങ്കില്‍ ആ ക്രിക്കറ്റ് പന്തിന്റെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കു എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം ബെന്‍ സ്റ്റോക്‌സ് പങ്കുവെച്ചത്. തമാശരൂപേണയാണ് ചിത്രം താരം പങ്കുവെച്ചതെങ്കിലും എത്ര അപകടകരമായ കളിയാണ് ക്രിക്കറ്റെന്നതാണ് ചിത്രം വ്യക്തമാക്കുന്നത്. മൈതാനത്ത് പലപ്പോഴും ബൗളര്‍മാരുടെ ചീറിപോകുന്ന പന്തുകള്‍ ഗുരുതരമായ പരിക്കുകള്‍ ഏല്‍പ്പിക്കാറുണ്ട്. അടുത്തിടെ ആഷസ് പരമ്പരയില്‍ സ്റ്റോക്‌സിന് അഡക്ടര്‍ പരിക്കേറ്റിരുന്നു. പലതവണ ഹാംസ്ട്രിംഗ് പ്രശ്‌നങ്ങളിലും സ്റ്റോക്‌സിനെ വേട്ടയാടിയിട്ടുണ്ട്.
ഓസ്‌ട്രേലിയക്കെതിരെ ആഷസില്‍ നേരിട്ട 4-1 എന്ന നാണംകെട്ട പരാജയത്തിന് ശേഷം വീണ്ടും കളിക്കളത്തില്‍ ശക്തമായി തിരിച്ചെത്താനുള്ള ശ്രമത്തിലാണ് സ്റ്റോക്‌സ്. 2027ലെ ഹോം ആഷസ് പരമ്പര വരെ ടീമില്‍ തുടരാനുള്ള ആഗ്രഹമാണ് ബെന്‍ സ്റ്റോക്‌സ് പങ്കുവെയ്ക്കുന്നത്. പരിക്കേറ്റെങ്കിലും ജൂണില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ താരം തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.