അഭിറാം മനോഹർ|
Last Modified വെള്ളി, 6 ഫെബ്രുവരി 2026 (12:21 IST)
അണ്ടര്‍-19 ലോകകപ്പില്‍ ആറാം ലോകകിരീടം ലക്ഷ്യമിട്ട് ഇന്ത്യന്‍ യുവനിര ഇന്നിറങ്ങുന്നു.ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണമെന്റിലുടനീളം തോല്‍വി അറിയാതെ മുന്നേറുന്ന ഇന്ത്യക്ക് ശക്തരായ എതിരാളികളാകും ഇംഗ്ലണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 15-കാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ട് ബാറ്റിംഗിലാണ് ഇന്ത്യ പ്രതീക്ഷ വെയ്ക്കുന്നത്.
ടൂര്‍ണമെന്റിലാകെ മികച്ച ഫോമിലുള്ള വൈഭവ് ഫൈനല്‍ മത്സരത്തിലും തിളങ്ങിയാല്‍ ഏത് വമ്പന്‍ സ്‌കോറും ചെയ്‌സ് ചെയ്യാന്‍ ഇന്ത്യന്‍ നിരയ്ക്ക് സാധിക്കും. ഫൈനലിന് മുന്‍പായി നായകന്‍ ആയുഷ് മാത്രെ ഫോമിലേക്ക് തിരിച്ചെത്തിയതും ആരോണ്‍ ജോര്‍ജ് നല്‍കുന്ന മികച്ച തുടക്കവും ഇന്ത്യയ്ക്ക് അനുകൂലഘടകങ്ങളാണ്. വിഹാന്‍ മല്‍ഹോത്ര, വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ടു എന്നിവരുടെ മധ്യനിരയിലെ പ്രകടനവും ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് വര്‍ദ്ധിപ്പിക്കുന്നു.
അതേസമയം സെമിഫൈനലില്‍ അഫ്ഗാനെതിരെ 300ലധികം റണ്‍സ് വഴങ്ങി എന്നത് ഇന്ത്യയുടെ ബൗളിങ്ങിലെ ദൗര്‍ബല്യമാണ് എടുത്തുകാണിക്കുന്നത്.ദീപേഷ് ദേവേന്ദ്രന്‍, ഹെനില്‍ പട്ടേല്‍ എന്നിവരടങ്ങുന്ന പേസ് നിരയും സ്പിന്നര്‍ കനിഷ്‌ക് ചൗഹാനും ഫൈനലില്‍ കൂടുതല്‍ അച്ചടക്കം പാലിക്കേണ്ടതായി വരും.
1998-ന് ശേഷം തങ്ങളുടെ ആദ്യ കിരീടത്തിനായി കാത്തിരിക്കുന്ന ഇംഗ്ലണ്ട് വലിയ തയ്യാറെടുപ്പുകളോടെയാണ് എത്തുന്നത്. 399 റണ്‍സുമായി ടൂര്‍ണമെന്റില്‍ മികച്ച
ഫോമിലുള്ള ബെന്‍ മെയ്സും നായകന്‍ തോമസ് റ്യൂവുമാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ല്. ഇവരെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് മത്സരത്തില്‍ ആധിപത്യം നേടാനാകും.
ബൗളിങ്ങില്‍ മാന്നി ലംസ്ഡന്റെ പന്തുകള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളിയുയര്‍ത്തുമെങ്കിലും ഇന്ത്യന്‍ ബാറ്റിംഗ് നിര മികച്ച ഫോമിലാണ് എന്നത് ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്. സെമിഫൈനലില്‍ കരുത്തരായ ഓസീസിനെതിരെ വിജയിക്കാനായി എന്ന ആത്മവിശ്വാസവുമായാകും ഇംഗ്ലണ്ട് ഇന്ന് കളത്തിലിറങ്ങുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30-ന് ആരംഭിക്കുന്ന ഈ ആവേശപ്പോരാട്ടം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ സിനിമയിലും തത്സമയം കാണാം.