Sanju Samson : വെറുതെയല്ല വിക്കറ്റ് തെറിച്ചത്, ഈ ഫൂട്ട്‌വർക്കുമായി എവിടെയുമെത്തില്ല, സഞ്ജുവിനെ വിമർശിച്ച് ഗവാസ്കർ
Sanju Samson : വിശാഖപട്ടണത്തില്‍ നടന്ന നാലാം ടി20യിലും നിരാശപ്പെടുത്തിയതോടെ മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗിലെ സാങ്കേതിക പിഴവുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനില്‍ ഗാവസ്‌കര്‍. ന്യൂസിലന്‍ഡിനെതിരായ നിര്‍ണ്ണായകമായ നാലാം ടി20 മത്സരത്തില്‍ സഞ്ജു പുറത്തായ രീതിയെ വിശകലനം ചെയ്ത് സംസാരിക്കവെയാണ് ഗവാസ്‌കര്‍ വിമര്‍ശനം ഉന്നയിച്ചത്. സ്പിന്നര്‍മാരെ നേരിടുമ്പോള്‍ സഞ്ജു ഫ്രണ്ട് ഫൂട്ടിലേക്ക് മാറാതെ ക്രീസില്‍ വെറുതെ നില്‍ക്കുകയാണെന്ന് ഗവാസ്‌കര്‍ പറയുന്നു.
സ്പിന്നര്‍മാരെ നേരിടുമ്പോള്‍ സഞ്ജുവിന്റെ കാലുകള്‍ ചലിക്കുന്നില്ല, പന്തിനടുത്തേക്ക് കാലുകള്‍ നീക്കി കളിക്കുന്നതിന് പകരം ക്രീസില്‍ നിശ്ചലനായി നില്‍ക്കുന്നത് അപകടകരമായ രീതിയാണ്. 3 സ്റ്റമ്പുകളും തുറന്നുകാട്ടി ലെഗ് സ്റ്റമ്പിന് പുറത്തേക്ക് നീങ്ങി ഓഫ്‌സൈഡില്‍ സ്‌പേസ് ഉണ്ടാക്കി കളിക്കാനാണ് സഞ്ജു ശ്രമിക്കുന്നത്. ഇതോടെ ബൗളര്‍ക്ക് മൂന്ന് സ്റ്റമ്പുകളും തുറന്ന് കാട്ടുകയാണ്. പരമ്പരയില്‍ ഇത് രണ്ടാം തവണയാണ് സഞ്ജു ഇങ്ങനെ വിക്കറ്റ് കളയുന്നത്. പന്ത് മിസ്സായാല്‍ വിക്കറ്റില്‍ കൊള്ളുമെന്ന ഉറപ്പാണ്. ആ രീതിയിലാണ് സഞ്ജു കളിക്കുന്നത്. ഗവാസ്‌കര്‍ പറഞ്ഞു.
അതേസമയം പേസര്‍മാരെ നേരിടുമ്പോള്‍ ഷോര്‍ട്ട് ബോള്‍ പ്രതീക്ഷിച്ച് സഞ്ജു ബാറ്റിംഗ് ക്രീസിന് പിന്നിലേക്ക് പോവുന്നതിനെതിരെ മത്സരത്തിനിടെ കമന്റേറ്റര്‍മാരും നേരത്തെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പന്തിന്റെ വേഗതയോ ലെങ്‌തോ കൃത്യമായി മനസ്സിലാക്കാതെയുള്ള ഈ ട്രിഗര്‍ മൂവ്‌മെന്റ് ടെക്‌നിക്കല്‍ മിസ്റ്റേക്കായാണ് വിദഗ്ധര്‍ പറയുന്നത്. വിശാഖപട്ടണത്തിലും റണ്‍സെടുക്കാന്‍ കഴിയാതെ വന്നതോട സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക്കും മങ്ങലേറ്റിരിക്കുകയാണ്. പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജുവില്‍ നിന്നും മികച്ച പ്രകടനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.