'ഗംഭീർ എന്നെ ദേശദ്രോഹിയെന്ന് വിളിച്ചു'; ഗുരുതര വെളിപ്പെടുത്തലുമായി ശ്രീശാന്ത്
2023 ഡിസംബറിൽ നടന്ന ലീഗിനിടെയാണ് സംഭവമെന്നും ശ്രീശാന്ത് പറഞ്ഞു
Sreesanth and Gambhir
ഇന്ത്യ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിനിടെ ഗംഭീർ തന്നെ ദേശദ്രോഹി എന്ന് വിളിച്ചെന്ന് ശ്രീശാന്ത് പറഞ്ഞു. മത്സരത്തിനിടെ വാതുവയ്പ്പുകാരൻ എന്നുവിളിച്ച് പരിഹസിച്ചെന്നും ഈയിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ശ്രീശാന്ത് വെളിപ്പെടുത്തിയത്. 2023 ഡിസംബറിൽ നടന്ന ലീഗിനിടെയാണ് സംഭവമെന്നും ശ്രീശാന്ത് പറഞ്ഞു.
' എന്റെ ആദ്യ പന്തിൽ ഗൗതി സ്റ്റെപ്പ് ഔട്ട് ചെയ്തു കളിച്ചു. അദ്ദേഹത്തിനു ഞാൻ എങ്ങനെ എറിയുമെന്ന് അറിയാം. അദ്ദേഹം നല്ലൊരു കളിക്കാരനുമാണ്. പരിശീലകൻ എന്ന നിലയിൽ എത്രത്തോളം മികച്ചതാണെന്ന് എനിക്കറിയില്ല. അതുകഴിഞ്ഞ് ഞാനൊരു ബൗൺസർ എറിഞ്ഞു. അപ്പോൾ അദ്ദേഹം എന്നോടു എന്താണ് പറഞ്ഞതെന്ന് അറിയുമോ, 'ഞാൻ നിന്നെ വിലയ്‌ക്കെടുത്തിരിക്കുന്നു'. എന്നെ പരിഹസിക്കുകയാണെന്ന് അതിൽ നിന്ന് വ്യക്തമാണ്. എന്നെ വാതുവയ്പ്പുകാരൻ എന്ന് തന്നെയാണ് വിളിച്ചത്. ഞാൻ അദ്ദേഹത്തിനു അരികിലേക്ക് നടന്നിട്ട് 'ഗൗതി ഭായ്, നിങ്ങൾക്കു കുഴപ്പമൊന്നും ഇല്ലല്ലോ' എന്ന് ചോദിച്ചു. ഞാൻ വളരെ തടിയുള്ള ആളായതുകൊണ്ട്, ഞാൻ അദ്ദേഹത്തെ അടിക്കാൻ പോകുകയാണോ എന്ന് തോന്നുമായിരുന്നു. ഈ സമയത്ത് അദ്ദേഹം എന്നെ അശ്ലീല വാക്കുകൾ വിളിക്കാൻ തുടങ്ങി. 'ഒത്തുകളിക്കാരൻ, ദേശദ്രോഹി' എന്നെല്ലാം ആവർത്തിച്ചു,' ശ്രീശാന്ത് വെളിപ്പെടുത്തി.
2007 ട്വന്റി 20 ലോകകപ്പും 2011 ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമുകളിൽ ഗംഭീറും ശ്രീശാന്തും അംഗങ്ങളായിരുന്നു. എന്നാൽ ഇതിനുശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളായി.