ആരുടെയും നിഴലിൽ ഒതുങ്ങില്ലെന്ന് ശ്രേയസ്, ലക്ഷ്യം വെച്ചത് ഗംഭീറിനെ?, കൊൽക്കത്തയിലെ അനുഭവം വെച്ചുള്ള സംസാരമെന്ന് സോഷ്യൽ മീഡിയ
ശ്രേയസ് പറഞ്ഞത് ഗൗതം ഗംഭീറിനെ ലക്ഷ്യം വെച്ചാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഇന്ത്യന്‍ ടി20 ടീമിന്റെ നായകനായതിന് പിന്നാലെ ശ്രേയസ് അയ്യര്‍ അയ്യര്‍ നടത്തിയ പ്രതികരണം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. തന്റെ വ്യക്തിത്വത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്നും മരാരുടെയെങ്കിലും നിഴലിന് കീഴില്‍ ഒതുങ്ങാന്‍ താന്‍ ഒരിക്കലും ശ്രമിക്കാറില്ലെന്നും മുംബൈയില്‍ നടന്ന പ്ലേ ടൈം 2026 എന്ന ചടങ്ങില്‍ പറഞ്ഞു. ശ്രേയസ് പറഞ്ഞത് ഗൗതം ഗംഭീറിനെ ലക്ഷ്യം വെച്ചാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നായകനെന്ന നിലയില്‍ ഐപിഎല്‍ കിരീടം നേടികൊടുത്തെങ്കിലും അന്ന് വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ പോയത് കെകെആര്‍ പരിശീലകനായ ഗൗതം ഗംഭീറിനായിരുന്നു. ഇക്കാര്യത്തില്‍ ടീം മാനേജ്‌മെന്റുമായി ശ്രേയസ് അയ്യര്‍ക്ക് പരാതികളുണ്ടായിരുന്നു. ശ്രേയസ് അയ്യര്‍ പിന്നീട് ബിസിസിഐ കോണ്‍ട്രാക്റ്റില്‍ നിന്ന് പോലും ഒഴിവാക്കപ്പെട്ടപ്പോള്‍ ഗൗതം ഗംഭീര്‍ രാഹുല്‍ ദ്രാവിഡിന് പിന്നാലെ ഇന്ത്യയുടെ പരിശീലകനായി നിയമിക്കപ്പെട്ടിരുന്നു.
കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടിയപ്പോള്‍ നായകനെന്ന നിലയില്‍ ലഭിക്കേണ്ട പ്രശംസയും പരിഗണനയും ലഭിച്ചില്ലെന്ന വികാരം ശ്രേയസിനുണ്ടായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ വിജയങ്ങള്‍ മുഴുവന്‍ ഗംഭീറിന്റെ ബുദ്ധിപരമായ നീക്കങ്ങളായാണ് ചിത്രീകരിക്കപ്പെട്ടത്. ഇന്ത്യന്‍ നായകനായപ്പോള്‍ ഇത് മനസ്സില്‍ വെച്ചുകൊണ്ടുള്ള പ്രതികരണമാണ് ശ്രേയസ് നടത്തിയതെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.
അതേസമയം ഇന്ത്യന്‍ നായകനായി ശ്രേയസ് വരുന്നതില്‍ ഏറ്റവും എതിര്‍പ്പ് ഉയര്‍ത്തിയതും ഗംഭീറായിരുന്നു. നിലവില്‍ 2023ന് ശേഷം ശ്രേയസ് ദേശീയ ടീമിനായി ടി20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. ടി20 നായകസ്ഥാനത്തേക്ക് സഞ്ജു സാംസണെ കൊണ്ടുവരാനായിരുന്നു ഗംഭീറിന് താല്പര്യം. ഇതിനായി ഗംഭീര്‍ വാദിച്ചുവെങ്കിലും ശ്രേയസിന്റെ വിഷയത്തില്‍ അഗാര്‍ക്കര്‍ ഉറച്ചുനിന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ വരും നാളുകളില്‍ ക്യാപ്റ്റനും കോച്ചും എങ്ങനെ ഒത്തുപോകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍.
ഈ മാസം അയര്‍ലന്‍ഡിനെതിരായ 2 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയോടെയാണ് ക്യാപ്റ്റനായുള്ള ശ്രേയസിന്റെ അരങ്ങേറ്റം. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ 5 മത്സരങ്ങളുടെ ടി20 പരമ്പരയും ഏഷ്യന്‍ ഗെയിംസും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.