വൈഭവ് കളിക്കില്ല, സഞ്ജുവിനെയും അഭിഷേകിനെയും കൈവിടാതെ ഇന്ത്യ; സാധ്യത ഇലവൻ
വൈകിട്ട് ആറിനാണ് മത്സരം ആരംഭിക്കുക. രണ്ട് മത്സരങ്ങളാണ് അയർലൻഡിനെതിരായ പരമ്പരയിലുള്ളത്
അയർലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ 15 കാരൻ വൈഭവ് സൂര്യവൻശി കളിക്കില്ല. മികച്ച ഫോമിലുള്ള ടോപ്പ് ഓർഡർ ബാറ്റർമാരെ മാറ്റിനിർത്താൻ പരിശീലകൻ ഗൗതം ഗംഭീർ തയ്യാറല്ല. അഭിഷേക് ശർമയ്‌ക്കൊപ്പം മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങും. ഇഷാൻ കിഷനും നായകൻ ശ്രേയസ് അയ്യരും ആയിരിക്കും മൂന്നും നാലും നമ്പറുകളിൽ.
വൈകിട്ട് ആറിനാണ് മത്സരം ആരംഭിക്കുക. രണ്ട് മത്സരങ്ങളാണ് അയർലൻഡിനെതിരായ പരമ്പരയിലുള്ളത്. രണ്ടാം ടി20 മത്സരത്തിൽ വൈഭവിനു അവസരം കൊടുക്കാനാണ് സാധ്യത. മികച്ച രീതിയിൽ കളിക്കുന്ന ബാറ്റർമാരെ ഒഴിവാക്കി വൈഭവിനു അവസരം നൽകാൻ സാധിക്കില്ലല്ലോ എന്നാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ സിതാൻഷു കൊട്ടകിന്റെ പ്രതികരണം.
' വൈഭവിനു ഉറപ്പായും മികച്ച അവസരങ്ങൾ ലഭിക്കുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്. പക്ഷേ അവനു അവസരം നൽകാൻ വേണ്ടി ഇന്ത്യക്കായി ഇപ്പോൾ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന താരങ്ങളെ ഒഴിവാക്കുന്നത് ശരിയായ കാര്യമല്ല. അത് നീതികേട് ആയിരിക്കും. പ്ലേയിങ് ഇലവൻ ടീം മാനേജ്‌മെന്റ് കൂട്ടായി എടുക്കുന്ന തീരുമാനമാണ്. ഒരാൾക്കു അവസരം നൽകാൻ വേറെ ഒരു കളിക്കാരനോടു അനീതി കാണിക്കരുതല്ലോ,' സിതാൻഷു പറഞ്ഞു.
സാധ്യത ഇലവൻ: അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, ശിവം ദുബെ, അക്‌സർ പട്ടേൽ, ഹർഷിത് റാണ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്