1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. R Ashwin Blast against Indian team's performance against NZ

സ്പിൻ കളിക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് കഴിയുന്നില്ല, ന്യൂസിലൻഡിനെതിരായ തോൽവിയിൽ ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

India vs New Zealand 2nd ODI
ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യന്‍ പരാജയത്തില്‍ ഇന്ത്യന്‍ ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്ര അശ്വിന്‍. ഇന്ത്യ പരമ്പരയിലുടനീളം സോഫ്റ്റ് ക്രിക്കറ്റാണ് കളിച്ചതെന്ന് അശ്വിന്‍ കുറ്റപ്പെടുത്തി. 1988ന് ശേഷം ആദ്യമായി ന്യൂസിലന്‍ഡ് ഇന്ത്യയില്‍ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് അശ്വിന്റെ വിമര്‍ശനം.
 
 മത്സരഫലം 2-1 ആണെങ്കിലും പരമ്പര ഏകപക്ഷീയമായിരുന്നു എന്ന തോന്നലാണ് ഉണ്ടായതെന്ന് അശ്വിന്‍ പറയുന്നു. മാനസികമായി ഇന്ത്യ മത്സരം നിയന്ത്രിക്കാന്‍ പരാജയപ്പെട്ടു, സമ്മര്‍ദ ഘട്ടങ്ങളില്‍ ആവശ്യമായ മനോഭാവം ഇന്ത്യയ്ക്കുണ്ടായിരുന്നില്ല. ഹോം സീരീസുകളില്‍ ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യന്‍ രീതിയും പരമ്പരയില്‍ കാണാനായില്ലെന്നും അശ്വിന്‍ പറയുന്നു.
 
ഇന്ത്യയുടെ ബി,സി ടീമുകള്‍ക്ക് പോലും മറ്റ് ടീമുകളെ തോല്‍പ്പിക്കാനാകുമെന്നാണ് കരുതിയിരുന്നത്. ഇപ്പോഴും ടീമിന്റെ നിലവാരത്തില്‍ ആാങ്കയില്ല, മറിച്ച് ടീമിന്റെ സമീപനമാണ് പ്രശ്‌നം. മുന്‍പ് ടീം സമ്മര്‍ദ്ദത്തില്‍ ആയിരുന്നപ്പോഴൊക്കെ അതിനെ മറികടക്കാനുള്ള വഴി കണ്ടെത്താനും ഇന്ത്യയ്ക്ക് ആയിട്ടുണ്ട്. ആ കഴിവ് കൈമോശം വന്നോ എന്നാണ് സംശയിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ സോഫ്റ്റ് ക്രിക്കറ്റാണ് ഇന്ത്യ കളിച്ചത്.ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മികച്ച നിലവാരമുള്ളവരാണ്. ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ ചെറുത്ത് നില്‍ക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചു. ധാരാളം സ്വീപ്, റിവേഴ്‌സ് സ്വീപ് ഷോട്ടുകള്‍ അവര്‍ കളിച്ചു.
 
ന്യൂസിലന്‍ഡിന്റെ രണ്ടാം നിര ടീമാണ് ഇന്ത്യക്കെതിരെ കളിച്ചത്. എന്നാല്‍ സ്പിന്നര്‍മാര്‍ക്കെതിരെ പ്രതിരോധത്തിലൂന്നിയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിര കളിച്ചത്. ഹര്‍ഷിത് റാണ മാത്രമാണ് സ്റ്റെപ് ഔട്ട് ചെയ്ത് സ്പിന്നര്‍മാര്‍ക്കെതിരെ കളിച്ചത്. കോലി റണ്‍സ് നേടിയെങ്കിലും സ്പിന്നര്‍മാര്‍ക്കെതിരെ ആധിപത്യം പുലര്‍ത്തുന്ന സമീപനമല്ല ഉണ്ടായത്. ന്യൂസിലന്‍ഡിനെ പോലെ സ്വീപ് ഷോട്ടുകള്‍ക്ക് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ശ്രമിച്ചില്ല. മധ്യ ഓവറുകളില്‍ സ്‌ട്രൈക്ക് കൈമാറി 40-50 റണ്‍സുകള്‍ ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ നേടിയപ്പോള്‍ ഈ റണ്‍സുകള്‍ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല അശ്വിന്‍ പറയുന്നു. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ കൈകാര്യം ചെയ്യുന്നതില്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ പരാജയമായിരുന്നുവെന്നും അശ്വിന്‍ വ്യക്തമാക്കി.
 
ടി20 ലോകകപ്പും ഐപിഎല്ലും മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പരമ്പരയിലെ പരാജയം വിസ്മൃതിയിലാവുമെന്നും എന്നാല്‍ ആത്മപരിശോധനയ്ക്കും ശക്തമായ തീരുമാനങ്ങള്‍ക്കും ഇന്ത്യ മുതിരുന്നില്ലെങ്കില്‍ ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഭാവി മികച്ചതല്ലെന്നും അശ്വിന്‍ പറയുന്നു.
അടുത്ത ലേഖനം
കേരളത്തിലും ഐപിഎൽ ആവേശം അലയടിക്കും, ഐപിഎൽ വേദികളുടെ പട്ടികയിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും