കേരളത്തിലും ഐപിഎൽ ആവേശം അലയടിക്കും, ഐപിഎൽ വേദികളുടെ പട്ടികയിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും

Sanju Samson
അഭിറാം മനോഹർ| Last Modified ബുധന്‍, 21 ജനുവരി 2026 (16:29 IST)
തിരുവനന്തപുരം:ഐപിഎല്‍ 2026 സീസണിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനിരിക്കെ കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത.2026 സീസണിലെ മത്സരങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള വേദികളുടെ പട്ടികയില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടം പിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് ഐപിഎല്‍ മത്സരങ്ങള്‍ നേരിട്ട് കാണാനുള്ള അവസരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിഷ്‌കാരത്തിന്റെ ഭാഗമായാണ് പുതിയ മാറ്റം.18 വേദികളിലായാണ് ഐപിഎല്‍ 2026 സീസണിലെ മത്സരങ്ങള്‍ നടത്താന്‍ ബിസിസിഐ ആലോചിക്കുന്നത്. എന്നാല്‍, ഏത് ടീമിന്റെ മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുകയെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദികളാണ് ഐപിഎല്‍ മത്സരങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ചെന്നൈ, ഡല്‍ഹി, ലഖ്നൗ, മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ജയ്പൂര്‍ എന്നീ ടീമുകളുടെ ഹോം ഗ്രൗണ്ടുകള്‍ക്ക് പുറമെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയവും പട്ടികയിലുണ്ട്. ഐപിഎല്‍ വിജയാഘോഷ സമയത്ത് 11 പേര്‍ മരിച്ച ദുരന്തത്തിന് ശേഷം കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ പുതിയ വ്യവസ്ഥകള്‍ പ്രകാരമാണ് ചിന്നസ്വാമിക്ക് അനുമതി നല്‍കിയത്. ആള്‍ക്കൂട്ട നിയന്ത്രണത്തിനായി 350 എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നാലരക്കോടി രൂപ ചെലവഴിക്കാമെന്ന് ടീം അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ധരംശാല, ന്യൂ ചണ്ഡീഗഢ് എന്നീ നഗരങ്ങള്‍ക്ക് പുറമെ കിഴക്കന്‍ മേഖലയില്‍ ഗുവാഹത്തി, റാഞ്ചി, റായ്പൂര്‍ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളും പരിഗണനയിലുണ്ട്. വിശാഖപട്ടണവും വേദികളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മുംബൈക്ക് പുറമെ പൂനെ, നവി മുംബൈ സ്റ്റേഡിയങ്ങളും മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുന്നുണ്ട്.

ബിസിസിഐയില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരാനുണ്ടെങ്കിലും കേരളത്തിലെ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ് പുതിയ വാര്‍ത്ത. സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ സ്വന്തം മൈതാനത്ത് കളിക്കുന്നത് ലൈവായി കാണാനാവുക എന്ന അനുഭവമാകും അങ്ങനെയെങ്കില്‍ ആരാധകര്‍ക്ക് മുന്നില്‍ തുറന്നുകിട്ടുന്നത്.വിശദമായ മത്സരക്രമവും ടീമുകളുടെ വിവരങ്ങളും വരും ദിവസങ്ങളില്‍ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :