1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. T20 worldcup will be last bus for Suryakumar Yadav

Suryakumar Yadav : മോശം ഫോം, ന്യൂസിലൻഡ് പരമ്പരയും ടി20 ലോകകപ്പും മുന്നിൽ, കരിയർ അവസാനിക്കുമോ?

2025ല്‍ ദേശീയ ടീമില്‍ മോശം പ്രകടനമാണെങ്കിലും ഐപിഎല്ലില്‍ തന്റെ ഏറ്റവും മികച്ച സീസണ്‍ സൂര്യ കുറിച്ചത് 2025ല്‍ ആയിരുന്നു.

Suryakumar yadav
ഐപിഎല്ലില്‍ നിന്നും ഇന്ത്യന്‍ ടി20 ക്രിക്കറ്റിലേക്കുള്ള സൂര്യകുമാര്‍ യാദവിന്റെ കടന്നുവരവ് ശരിക്കും  ഒരു മാറ്റം തന്നെയായിരുന്നു. ടി20 ഫോര്‍മാറ്റിനെ കൃത്യമായി മനസിലാക്കിയ ലോകത്തെ ഏത് ബൗളിംഗ് നിരയ്‌ക്കെതിരെയും മൈതാനത്തിന്റെ എല്ലാ ആംഗിളിലും ഷോട്ട് അടിക്കാന്‍ സാധിച്ചിരുന്ന ബാറ്റര്‍ പെട്ടെന്ന് തന്നെ ടി20 ബാറ്റിങ്ങിലെ രാജാവായി മാറി. ഗം ചവച്ച് അനായാസമായി ബൗളര്‍മാരെ നേരിട്ടിരുന്ന സൂര്യകുമാര്‍ യാദവ് നിലവില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെ നായകനാണെങ്കിലും പ്രകടനങ്ങളില്‍ തന്റെ പ്രതാപകാലത്തിന്റെ നിഴലില്‍ മാത്രമാണ്. 2025ല്‍ കളിച്ച 19 ഇന്നിങ്ങ്‌സുകളില്‍ നിന്ന് വെറും 13 റണ്‍സ് ശരാശരിയില്‍ 218 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ കണ്ടെത്തിയിട്ടുള്ളത്. 170+ നിന്നിരുന്ന സ്‌ട്രൈക്ക് റേറ്റ് 123ലേക്ക് താഴുകയും ചെയ്തു. ലോകകപ്പില്‍ ഇന്ത്യന്‍ നായകനെന്ന നിലയില്‍ സൂര്യകുമാര്‍ കളിക്കുമെങ്കിലും വരാനിരിക്കുന്ന ന്യൂസിലന്‍ഡ് പരമ്പരയും ടി20 ലോകകപ്പുമാകും ബാറ്ററെന്ന നിലയില്‍ സൂര്യകുമാര്‍ യാദവിന്റെ ഭാവി എന്താകുമെന്ന് കാണിച്ചുതരിക.
 
2025ല്‍ ദേശീയ ടീമില്‍ മോശം പ്രകടനമാണെങ്കിലും ഐപിഎല്ലില്‍ തന്റെ ഏറ്റവും മികച്ച സീസണ്‍ സൂര്യ കുറിച്ചത് 2025ല്‍ ആയിരുന്നു. 16 മത്സരങ്ങളില്‍ നിന്ന് 717 റണ്‍സ് സീസണില്‍ നേടിയ സൂര്യ മുംബൈ ഇന്ത്യന്‍സിനായി ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. എന്നാല്‍ രാജ്യാന്തര കളരിയിലെത്തിയപ്പോള്‍ അടി തെറ്റുകയും ചെയ്തു. നിലവില്‍ രോഹിത് ശര്‍മയോ വിരാട് കോഹ്ലിയോ രവീന്ദ്ര ജഡേജയോ പോലെ മൂന്ന് ഫോര്‍മാറ്റുകളിലും തന്റെ ലെഗസി തെളിയിക്കാനുള്ള അവസരം സൂര്യക്കില്ല. ഒരു ഫോര്‍മാറ്റ് സ്‌പെഷ്യലിസ്റ്റ് എന്ന നിലയില്‍, നായകനായി ട്വന്റി20 ലോകകപ്പ് ഉയര്‍ത്തുക എന്നത് സൂര്യകുമാറിന്റെ കരിയറിനെ നിര്‍വചിക്കുന്ന നിമിഷമായിരിക്കും. എന്നാല്‍ ലോകകപ്പില്‍ പരാജയമായാല്‍ മറ്റൊരു അവസരം സൂര്യയ്ക്ക് ലഭിക്കാനുള്ള സാധ്യതയും വിരളമാണ്.
 
ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം തന്റെ മോശം ബാറ്റിംഗ് പ്രകടനങ്ങളെ പറ്റിയുള്ള ചോദ്യങ്ങളോട് ആത്മവിശ്വാസത്തോടെയാണ് സൂര്യ പ്രതികരിച്ചത്.  ന്യൂസിലന്‍ഡ് പരമ്പര മുന്നിലുണ്ട് ഫോം വീണ്ടെടുക്കാന്‍ എന്നായിരുന്നു മറുപടി. 'ക്ലിയര്‍ ഇന്റന്റ്' എന്ന തലക്കെട്ടോടെ പരിശീലന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും ആരാധകര്‍ ശുഭ സൂചനയായാണ് കാണുന്നത്. ന്യൂസിലന്‍ഡിനെതിരെ സൂര്യ ഫോം വീണ്ടെടുത്താല്‍ അത് ലോകകപ്പില്‍ ഇന്ത്യയെ കൂടുതല്‍ അപകടകാരികളാക്കി മാറ്റുമെന്ന് തീര്‍ച്ചയാണ്. കൂടാതെ ലോകകപ്പ് സ്വന്തമാക്കാനായാല്‍ ടി20 ഫോര്‍മാറ്റിലെ ഒരു ഇതിഹാസ താരമെന്ന ലേബല്‍ സ്വന്തമാക്കാനും സൂര്യയ്ക്ക് സാധിക്കും. എന്നാല്‍ മറിച്ച് സംഭവിച്ചാല്‍ താരത്തിന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ അവസാനിക്കാന്‍ സാധ്യതയേറെയാണ്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Suryakumar Yadav : ന്യൂസിലൻഡിനെതിരെ വേണ്ടത് 25 റൺസ്, സൂര്യകുമാർ യാദവിനെ കാത്ത് ചരിത്രനേട്ടം