1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs England T20 match result

India vs England : തിളങ്ങാനാവാതെ വൈഭവ്, ഇന്ത്യയെ തോൽവിയിലേക്ക് തള്ളിയിട്ട് ബേഥൽ, നിർണായകമായത് ബിഷ്ണോയിയുടെ ഓവർ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച 15കാരനായ വൈഭവ് സൂര്യവംശി 14 റണ്‍സെടുത്ത് മടങ്ങി.

Jacob Bethal
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റ് തോല്‍വി. ഇന്ത്യ നിശ്ചിത ഓവറില്‍ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ജേക്കബ് ബേഥലിന്റെ പ്രകടനമാണ് ഇന്ത്യന്‍ തോല്‍വിക്ക് കാരണമായത്. 
 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 190 റണ്‍സാണെടുത്തത്. 23 പന്തില്‍ 43 റണ്‍സുമായി അഭിഷേക് ശര്‍മയും 22 പന്തില്‍ 37 റണ്‍സുമായി നായകന്‍ ശ്രേയസ് അയ്യരും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ഇഷാന്‍ കിഷന്‍ 49 റണ്‍സ് നേടിയെങ്കിലും ഇതിനായി 40 പന്തുകളാണ് താരം നേരിട്ടത്. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച 15കാരനായ വൈഭവ് സൂര്യവംശി 14 റണ്‍സെടുത്ത് മടങ്ങി. 2 സിക്‌സുകളടക്കമായിരുന്നു താരത്തിന്റെ പ്രകടനം. അവസാന ഓവറുകളില്‍ 11 പന്തില്‍ 24 റണ്‍സുമായി തിലക് വര്‍മയും തിളങ്ങിയതോടെയാണ് ഇന്ത്യ 190 റണ്‍സിലെത്തിയത്.
 
 മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്ങ്‌സ് തകര്‍ച്ചയോടെയായിരുന്നു. റണ്‍സൊന്നും നേടാനാവാതെ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫില്‍ സാല്‍ട്ടും ജോസ് ബട്ട്ലറും ഡക്കായി മടങ്ങി. പിന്നീട് ഒന്നിച്ച ഹാരി ബ്രൂക്ക്- ബേഥല്‍ സഖ്യമാണ് ടീമിനെ കരകയറ്റിയത്. ബ്രൂക്ക് 15 പന്തില്‍ 39 റണ്‍സെടുത്തു മടങ്ങിയെങ്കിലും പിന്നീട് ടോം ബാന്റണുമായും കൂട്ടുക്കെട്ട് പടുത്തുയര്‍ത്താന്‍ ബേഥലിനായി. ടോം ബാന്റണ്‍(39) റണ്‍സെടുത്ത് മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലെത്തിയിരുന്നു.
 
46 പന്തില്‍ നിന്ന് 76 റണ്‍സെടുത്ത ജേക്കബ് ബേഥലാണ് കളി ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്. മത്സരത്തില്‍ രവി ബിഷ്‌ണോയി എറിഞ്ഞ പതിനേഴാം ഓവറായിരുന്നു നിര്‍ണായകമായത് വിജയിക്കാനായി 24 പന്തില്‍ നിന്നും 49 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ രവി ബിഷ്‌ണോയിയുടെ ഓവറില്‍ 29 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 2 നോ ബോളുകളാണ് ഈ ഓവറില്‍ ബിഷ്‌ണോയി എറിഞ്ഞത്.  ഇതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 18 പന്തില്‍ 20 റണ്‍സായി കുറഞ്ഞു. സാം കറനെ പുറത്താക്കാന്‍ സാധിച്ചെങ്കിലും അനായാസമായി ബേഥലും വില്‍ ജാക്‌സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. ഇന്ത്യയ്ക്കായി അര്‍ഷദീപ് സിങ് 3 വിക്കറ്റുകളെടുത്തു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക