1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Avesh Khan last over India vs West Indies

'ഇത്രയും മണ്ടനാണോ രോഹിത് ശര്‍മ'; ഭുവനേശ്വര്‍ കുമാര്‍ ഉള്ളപ്പോള്‍ ആവേശ് ഖാന് അവസാന ഓവര്‍ നല്‍കിയതിനെതിരെ ആരാധകര്‍

വെസ്റ്റ് ഇന്‍ഡീസിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് പത്ത് റണ്‍സ് മാത്രമാണ്

Avesh Khan last over India vs West Indies
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ ആരാധകര്‍ രംഗത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ തോറ്റതിനു പിന്നാലെയാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്ത് ആരാധകര്‍ രംഗത്തെത്തിയത്. 
 
വെസ്റ്റ് ഇന്‍ഡീസിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് പത്ത് റണ്‍സ് മാത്രമാണ്. ഈ സമയത്ത് രോഹിത് പന്ത് നല്‍കിയത് ആവേശ് ഖാനും. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ആയ ഭുവനേശ്വര്‍ കുമാറിന് രണ്ട് ഓവര്‍ ശേഷിക്കെ എന്തിനാണ് ആവേശ് ഖാനെ അവസാന ഓവറില്‍ പന്ത് എറിയിപ്പിച്ചതെന്നാണ് ആരാധകരുടെ ചോദ്യം. 
 
അവസാന ഓവര്‍ എറിയാനെത്തിയ ആവേശ് ഖാന്‍ ആദ്യ പന്തില്‍ നോ ബോള്‍ വഴങ്ങി. ഫ്രീ ഹിറ്റ് പന്തില്‍ സിക്‌സ് കൂടി വഴങ്ങിയതോടെ അഞ്ച് പന്തില്‍ ജയിക്കാന്‍ വേണ്ട വെറും മൂന്ന് റണ്‍സായി. രണ്ടാം പന്തില്‍ ആവേശ് ഖാന്‍ ഫോര്‍ കൂടി വഴങ്ങിയതോടെ മത്സരം വിന്‍ഡീസ് ജയിച്ചു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഭുവനേശ്വര്‍ കുമാറിനെ പോലെ പരിചയസമ്പത്തുള്ള ഒരു ബൗളര്‍ക്ക് രണ്ട് ഓവര്‍ ശേഷിക്കുമ്പോള്‍ രോഹിത് എന്ത് മണ്ടത്തരമാണ് ചെയ്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 
 
എന്നാല്‍ ആവേശ് ഖാനെ പന്ത് ഏല്‍പ്പിച്ച തീരുമാനത്തെ രോഹിത് ന്യായീകരിച്ചു. ആവേശ് ഖാന്‍ ഡെത്ത് ഓവറില്‍ എങ്ങനെ പന്തെറിയുമെന്ന് നോക്കാനാണ് അത് ചെയ്തതെന്ന് രോഹിത് പറഞ്ഞു. 'ഭുവി ടീമിനായി എന്ത് ചെയ്യുമെന്ന് നമുക്കറിയാം. വര്‍ഷങ്ങളായി ഭുവനേശ്വര്‍ അത് ചെയ്യുന്നുണ്ട്. അവസരം നല്‍കാതെ അര്‍ഷ്ദീപ് സിംഗും ആവേശ് ഖാനും ഡെത്ത് ഓവറില്‍ എങ്ങനെ പന്തെറിയും എന്ന് നമുക്കറിയില്ല. ഇതൊരു മത്സരം മാത്രമാണ്. കഴിവുള്ള ഇരുവരേയും പിന്തുണയ്ക്കുന്നു. ടീമിനെയും ബൗളര്‍മാരെയും ഓര്‍ത്ത് അഭിമാനിക്കുന്നു. 13-14 ഓവറില്‍ വിന്‍ഡീസ് ലക്ഷ്യത്തില്‍ എത്തേണ്ടതായിരുന്നു. അത് നമ്മള്‍ അവസാന ഓവര്‍ വരെ എത്തിച്ചു. ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു,' രോഹിത് പറഞ്ഞു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
വീണ്ടും പൂജ്യൻ, രാജ്യാന്തര ക്രിക്കറ്റിൽ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ