ഇനി ആവേശം ഇരട്ടിക്കും, ഏകദിന, ടി20 ലോകകപ്പ് ഫോർമാറ്റുകളിൽ വൻ അഴിച്ചുപണി!, ഐസിസി പ്രഖ്യാപിച്ചത് വിപ്ലവകരമായ മാറ്റങ്ങൾ!
അന്താരാഷ്ട്ര ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരമാക്കാനും ആഗോളതലത്തില്‍ കളിയുടെ ജനപ്രീതി ഉയര്‍ത്താനുമായി ഏകദിന, ടി20 ലോകകപ്പുകളുടെ ഘടനയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി ഐസിസി. 14 ടീമുകള്‍ കളിക്കുന്ന ഏകദിന ലോകകപ്പ് 3 ഘട്ടങ്ങളിലായാകും നടത്തുക. ടി20 ഫോര്‍മാറ്റില്‍ സൂപ്പര്‍ 10 എന്ന ഘട്ടവും പുതുതായി ഉണ്ടാകും. എഡിന്‍ബറോയില്‍ ചേര്‍ന്ന് ഐസിസിയുടെ വാര്‍ഷികസമ്മേളനത്തിലാണ് തീരുമാനം. മത്സരങ്ങളുടെ നിലവാരം ഉയര്‍ത്തി ആസ്വാദ്യകരമാക്കാനാണ് പുതിയ പരിഷ്‌കരണങ്ങള്‍.
2027 ഏകദിന ലോകകപ്പില്‍ 'സൂപ്പര്‍ സീരീസ്'
2027 മുതല്‍ നടക്കുന്ന 14 ടീമുകളുള്ള ഏകദിന ലോകകപ്പില്‍ നാല് ഘട്ടങ്ങളുള്ള പുതിയ മാതൃക നടപ്പാക്കും. ആദ്യഘട്ടത്തിന് ശേഷം 'സൂപ്പര്‍ സീരീസ്' എന്ന പുതിയ റൗണ്ട് ഉള്‍പ്പെടുത്തും. തുടര്‍ന്ന് ഗ്രൂപ്പ് ഘട്ടവും നോക്കൗട്ട് മത്സരങ്ങളും നടക്കും. ഓരോ മത്സരത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുകയും, അപ്രസക്ത മത്സരങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ മാറ്റത്തിന്റെ ലക്ഷ്യം.
ടി20 ലോകകപ്പില്‍ 'സൂപ്പര്‍ 10'നും എലിമിനേറ്ററും
2028 പുരുഷ ടി20 ലോകകപ്പിലും ഫോര്‍മാറ്റില്‍ വന്‍ മാറ്റങ്ങളാണ് വരുന്നത്. 20 ടീമുകള്‍ തന്നെ പങ്കെടുക്കുമെങ്കിലും നിലവിലെ സൂപ്പര്‍ എയ്റ്റ്‌സ് ഘട്ടത്തിന് പകരം 'സൂപ്പര്‍ 10' സംവിധാനം അവതരിപ്പിക്കും.
ആദ്യ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് കൂടുതല്‍ ടീമുകള്‍ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ ഇതുവഴി അവസരം ലഭിക്കും. അഞ്ച് ഗ്രൂപ്പുകളിലായി നാല് ടീമുകള്‍ വീതമാണ് ആദ്യ റൗണ്ട്. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാര്‍ നേരിട്ട് സെമിഫൈനലിലേക്ക് യോഗ്യത നേടും. രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും തമ്മില്‍ എലിമിനേറ്റര്‍ മത്സരങ്ങള്‍ നടക്കും. ആ മത്സരങ്ങളിലെ വിജയികളാണ് സെമിഫൈനല്‍ ബെര്‍ത്ത് നേടുക. ഇതിലൂടെ അവസാന നിമിഷം വരെ മത്സരങ്ങള്‍ ആവേശകരമാക്കാന്‍ സാധിക്കുമെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍.
അസോസിയേറ്റ് രാജ്യങ്ങള്‍ക്കും കൂടുതല്‍ അവസരം
ടി20 ലോകകപ്പിന് മുന്നോടിയായി 16 ടീമുകള്‍ പങ്കെടുക്കുന്ന പ്രത്യേക ആഗോള യോഗ്യതാ ടൂര്‍ണമെന്റും ഐസിസി നിര്‍ദേശിച്ചിട്ടുണ്ട്. അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള മത്സരങ്ങള്‍ ലഭിക്കാനും ലോകകപ്പിലേക്ക് മത്സരാധിഷ്ഠിതമായ വഴി ഒരുക്കാനുമാണ് ഈ നീക്കം.
ഐസിസിയുടെ ലക്ഷ്യം
പുതിയ ഫോര്‍മാറ്റിലൂടെ ഓരോ മത്സരത്തിന്റെയും പ്രാധാന്യം വര്‍ധിപ്പിക്കാനും, കൂടുതല്‍ ടീമുകള്‍ക്ക് നോക്കൗട്ട് പോരാട്ടത്തില്‍ തുടരാനുള്ള അവസരം നല്‍കാനും, ആരാധകര്‍ക്ക് കൂടുതല്‍ ആവേശകരമായ ലോകകപ്പ് അനുഭവം ഒരുക്കാനുമാണ് ഐസിസി ലക്ഷ്യമിടുന്നത്.