1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mala Parvathi against Shweta Menon

'അമ്മ'യിൽ രാഷ്ട്രീയ-സാമ്പത്തിക അട്ടിമറി; ശ്വേത മേനോൻ ബിജെപിയിൽ നിന്ന് രണ്ട് കോടി വാങ്ങിയെന്ന് മാലാ പാർവതി; ബിജെപി നേതാവിന്റെ നിർണായക വീഡിയോ പുറത്തുവിട്ടു!

ശ്വേത മേനോന്‍ ബിജെപിയില്‍ നിന്നും രണ്ട് കോടി രൂപ വാങ്ങിയതായാണ് മാലാ പാര്‍വതിയുടെ വെളിപ്പെടുത്തല്‍.

AMMA Allegations, Mala parvathi press conference, Kerala News, Shweta Menon
കൊച്ചി: താരസംഘടനയായ 'അമ്മ'യെ (AMMA) പിടിച്ചുലച്ച ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ, മുന്‍ പ്രസിഡന്റ് ശ്വേത മേനോനെതിരെ അതീവ ഗുരുതരമായ രാഷ്ട്രീയ-സാമ്പത്തിക  ആരോപണങ്ങളുമായി നടി മാലാ പാര്‍വതി രംഗത്ത്.  വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ നല്‍കാമെന്ന് ഉറപ്പുനല്‍കി ശ്വേത മേനോന്‍ ബിജെപിയില്‍ നിന്നും രണ്ട് കോടി രൂപ വാങ്ങിയതായാണ് മാലാ പാര്‍വതിയുടെ വെളിപ്പെടുത്തല്‍.
 
അദാനി ഗ്രൂപ്പില്‍ നിന്ന് അമ്മ സംഘടനയ്ക്ക് 15 കോടി സംഭാവന ലഭിക്കുമെന്ന് ബിജെപി നേതാവായ പത്മജ മേനോന്‍ ഒരു അഭിമുഖത്തില്‍ പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ മാലാ പാര്‍വതി പുറത്തുവിട്ടു.
 
ശ്വേതയുടെ രാജി പ്രഖ്യാപനം നാടകം
 
സംഘടനയ്ക്കുള്ളില്‍ വലിയ തുകകളുടെ സാമ്പത്തിക ഇടപാടുകളും രാഷ്ട്രീയ അജണ്ടകളും നടക്കുന്നുണ്ടെന്ന വിവരമാണ് മാലാ പാര്‍വതി പങ്കുവെച്ചത്. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ നിന്ന് ശ്വേതയുടെ വിശ്വാസ്യതയുടെ പുറത്ത് 15 കോടി രൂപ സംഘടനയ്ക്ക് വാങ്ങിത്തരാമെന്ന് ഒരു രാഷ്ട്രീയ നേതാവ് പറയുന്ന ദൃശ്യങ്ങളാണ് മാലാ പാര്‍വതി പുറത്തുവിട്ടത്. ശ്വേതാ മേനോന്‍ ഇവരില്‍ നിന്ന് 2 കോടി രൂപ വാങ്ങിയെന്ന ആരോപണം നടന്‍ ബാബുരാജാണ് ജനറല്‍ ബോഡിയില്‍ ആദ്യം ഉന്നയിച്ചത്. പിറ്റേദിവസം ലക്ഷ്മിപ്രിയ ഈ വിഷയം വീണ്ടും എടുത്തിട്ടതോടെ കളി മാറി. ഇതേക്കുറിച്ച് പൊതുയോഗത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മറുപടി പറയാന്‍ നില്‍ക്കാതെ ശ്വേത മേനോനും സംഘവും അവിടെനിന്ന് ഇറങ്ങിയോടി.അനാവശ്യ ആരോപണമാണെങ്കില്‍ അവര്‍ക്ക് അവിടെനിന്ന് മറുപടി പറയാമായിരുന്നു. അതിന് മുതിരാതെ അവര്‍ രാജിവെയ്ക്കല്‍ തീരുമാനം പ്രഖ്യാപിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ല.
 
അന്‍സിബയെ ജിഹാദിയാക്കാന്‍ ഗൂഢാലോചന; 'കേരള സ്റ്റോറി' മോഡല്‍ സ്‌ക്രിപ്റ്റ്
 
 
സംഘടനയിലെ മറ്റ് നടിമാരായ അന്‍സിബ ഹസന്‍, ഉഷ ഹസീന എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു ആരോപണവും മാലാ പാര്‍വതി ഉന്നയിച്ചു.നടി അന്‍സിബ ഹസനെ വര്‍ഗീയവാദിയും 'ജിഹാദി'യുമാക്കി ചിത്രീകരിച്ച് സംഘടനയില്‍ നിന്ന് ഓടിക്കാനുള്ള ആസൂത്രിത ശ്രമം ശ്വേത മേനോന്റെ നേതൃത്വത്തില്‍ നടന്നുവെന്നാണ് ആക്ഷേപം.
 
'നാല് പേരെ മതം മാറ്റാന്‍ അന്‍സിബ ശ്രമിച്ചുവെന്നാണ് ശ്വേത എന്നോട് പറഞ്ഞത്. തട്ടമിടാത്ത, ജാതിമത ഭേദമില്ലാതെ അമ്പലങ്ങളില്‍ വരെ പോകുന്ന ഒരു മലപ്പുറംകാരിയായ മുസ്ലീം പെണ്‍കുട്ടിയെ കരുവാക്കി അണിയറയില്‍ മറ്റൊരു 'കേരള സ്റ്റോറി'ക്ക് സമാനമായ സ്‌ക്രിപ്റ്റാണ് അവര്‍ തയാറാക്കിയത്. ഉത്തരേന്ത്യന്‍ വിപണിയും രാഷ്ട്രീയ നേട്ടങ്ങളും ലക്ഷ്യമിട്ടാണ് ലക്ഷ്മിപ്രിയയുടെ നേതൃത്വത്തില്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടന്നത്. സിനിമയെയും സിനിമാ സംഘടനകളെയും പിടിച്ചെടുത്ത് നാടിനെ വര്‍ഗീയവത്കരിക്കാനുള്ള വലിയൊരു ഗൂഢാലോചനയാണ് ഇവിടെ നടന്നത്. അതിനെ മുളയിലേ നുള്ളാനാണ് ഞങ്ങള്‍ ശ്രമിച്ചത്,' മാലാ പാര്‍വതി വ്യക്തമാക്കി.
 
പിഷാരടിയുടെ ഓഡിയോ ലീക്ക് ചെയ്തത് അജണ്ട
 
നടന്‍ രമേഷ് പിഷാരടിയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട ശ്വേത മേനോന്റെ നടപടിയെയും മാലാ പാര്‍വതി രൂക്ഷമായി വിമര്‍ശിച്ചു. കൈയും കാലും പിടിച്ച് അഡ്‌ഹോക് കമ്മിറ്റിയുടെ ചുമതല ഏല്‍പ്പിച്ച രമേഷ് പിഷാരടിയെ തരംതാഴ്ത്താന്‍ കൃത്യമായ അജണ്ടയോടെയാണ് ആ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടത്. കലാകാരന്മാര്‍ക്കിടയില്‍ രാഷ്ട്രീയ ലാഭത്തിനായി ധ്രുവീകരണവും ചേരിതിരിവും ഉണ്ടാക്കുന്ന ഇത്തരം വ്യക്തികള്‍ക്ക് ഇനി 'അമ്മ'യുടെ തലപ്പത്തേക്ക് വരാന്‍ യോഗ്യതയില്ലെന്നും, ഇത്തരം അജണ്ടകളെ ശക്തമായി എതിര്‍ക്കുമെന്നും നടിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉറപ്പിച്ചു പറഞ്ഞു.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ആനക്കൊമ്പ് ഉല്‍പ്പന്നങ്ങളെ കുറിച്ച് വെളിപ്പെടുത്തി നിയമ നടപടികള്‍ ഒഴിവാക്കും; മോഹന്‍ലാല്‍ കേരള സര്‍ക്കാരിന്റെ പൊതുമാപ്പ് പദ്ധതിയെ ആശ്രയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്