കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്
മലയാള സിനിമയില്‍ അടുത്തിടെ ഇറങ്ങിയ മികച്ച പോലീസ് ചിത്രങ്ങളുടെ ലിസ്റ്റെടുത്താല്‍ അതില്‍ തീര്‍ച്ചയായും ഉള്‍പ്പെടുന്ന ചിത്രമാണ് മമ്മൂട്ടിയ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ്. ഒരു യഥാര്‍ഥ കഥയെ ആസ്പദമാക്കിയൊരുക്കിയ സിനിമയില്‍ എ എസ് ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. ഒരു കുറ്റവാളിയെ പിടികൂടാനായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിക്കുന്ന പോലീസ് സംഘത്തിന്റെ കഥയായിരുന്നു 2023ല്‍ പുറത്തിറങ്ങിയ സിനിമ പറഞ്ഞത്. തിയേറ്ററുകളിലും സിനിമ വന്‍ വിജയമായിരുന്നു.
മമ്മൂട്ടികമ്പനിയുടെ ബാനറില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് രണ്ടാം ഭാഗം സംഭവിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗത്തെ പറ്റിയുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തും നടനുമായ റോണി ഡേവിഡ്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് രണ്ടാം ഭാഗത്തെ പറ്റിയുള്ള സൂചന റോണി ഡേവിഡ് പങ്കുവെച്ചത്.
ചില പരിപാടികള്‍ മമ്മൂക്കയുടെ അടുത്ത് പറഞ്ഞിരുന്നു. പക്ഷേ അതിന്റെ കൂടുതല്‍ കാര്യങ്ങള്‍ക്കായി റോബി വരണം. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാക്കോച്ചന്‍ നായകനാകുന്ന സിനിമയുടെ ഷൂട്ടിലാണ് റോബി ഇപ്പോള്‍. ജൂലൈ പകുതിയില്‍ വരുമെന്നാണ് പറഞ്ഞത്. മമ്മൂക്ക നിലവില്‍ ധനുഷ് സിനിമയുടെ ഷൂട്ടിലാണ്. അവരെല്ലാം വന്നതിന് ശേഷമെ എന്തെങ്കിലും പറയാനാകു. റോണി ഡേവിഡ് പറഞ്ഞു.