നേപ്പാളിലെ തുരങ്കത്തിൽ നിന്ന് ഒൻപത് ദിവസത്തിനു ശേഷം ജീവനോടെ; മരണസംഖ്യ 1,300
Nepal Flood
നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1,300 കടന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെയുള്ള മരണസംഖ്യ 1,344 ആണ്. 5,000 ത്തിൽ അധികം പേരെ ഇപ്പോഴും കാണാനില്ല. ഇതുവരെ രക്ഷപ്പെടുത്തിയത് 12,000 ത്തിൽ അധികം ആളുകളെയാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്.
169 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
നേപ്പാൾ പ്രളയത്തിൽ അകപ്പെട്ട 169 ഇന്ത്യക്കാരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. 275 ഇന്ത്യക്കാർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ഇതുവരെ രക്ഷപ്പെടുത്തിയ 169 ഇന്ത്യക്കാരിൽ അഞ്ച് വയസുള്ള കുട്ടിയുമുണ്ട്.
രക്ഷാപ്രവർത്തനത്തിന് യുഎസ് സൈന്യവും
യുഎസിൽ നിന്ന് രക്ഷാപ്രവർത്തനത്തിനായി സൈന്യം നേപ്പാളിൽ എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനു ആവശ്യമായ സഹായങ്ങൾ നൽകാൻ യുഎസ് നിർദേശം നൽകിയിട്ടുണ്ട്.
ഒൻപത് ദിവസത്തിന് ശേഷം ജീവനോടെ !
നേപ്പാളിലെ ഹൈഡ്രോ പവർ തുരങ്ക നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെ പ്രളയത്തെ തുടർന്ന് കാണാതായിട്ടുണ്ട്. ഇതിൽ രണ്ട് പേരെ ഇന്നലെ ജീവനോടെ രക്ഷപ്പെടുത്തി. പ്രളയത്തിൽ തുരങ്കത്തിലേക്ക് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്തുള്ള രക്ഷാപ്രവർത്തനത്തിനിടെയാണ് ത്രിശൂലി 3A ഹൈഡ്രോ പവർ തുരങ്കത്തിൽ നിന്നാണ് സഞ്ജയ് ഷാ, കബീർ മഹാരാജൻ എന്നീ തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തിയത്.
ഡിഎൻഎ ടെസ്റ്റ്
മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്താനൊരുങ്ങുകയാണ് ഇന്ത്യയും. നേപ്പാളിലേക്ക് വിനോദയാത്രയ്ക്ക് അടക്കം പോയ ഇന്ത്യക്കാർക്ക് മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്. ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ മാത്രമേ പല മൃതദേഹങ്ങളും ഇനി തിരിച്ചറിയാൻ സാധിക്കൂ.
തൊഴിലാളികൾക്കായി തെരച്ചിൽ
നേപ്പാളിലെ വിവിധ ഹൈഡ്രോ പവർ തുരങ്ക നിർമാണ സ്ഥലങ്ങളിലായി 900 തൊഴിലാളികളെയാണ് കാണാതായത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. തുരങ്കങ്ങളിലെല്ലാം മണ്ണ് മൂടപ്പെട്ട അവസ്ഥയാണ്. അതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായി തുടരുന്നു.
അടിസ്ഥാന സൗകര്യങ്ങളില്ല
യുഎൻ റിപ്പോർട്ട് പ്രകാരം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേപ്പാളിൽ അത്ര മികച്ചതായല്ല നടക്കുന്നത്. 65,000 ത്തിലേറെ പേർക്ക് വെള്ളം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭ്യമല്ലെന്നാണ് വിവരം. Also Read: ചൈനയുമായുള്ള അമേരിക്കയുടെ ബന്ധത്തെ പ്രശംസിച്ച് ട്രംപ്; ഈ മാസം ഷി ജിന്‍പിങ്ങിനെ ക്ഷണിച്ച് ഡിന്നര്‍ നല്‍കും