നേപ്പാൾ പ്രളയം: മരണസംഖ്യ ആയിരം കടന്നു, നാലായിരത്തിലേറെ ആളുകൾ കാണാക്കയത്തിൽ
നേപ്പാൾ നോവായി തുടരുന്നു. മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരം കടന്നു. സർക്കാർ വൃത്തങ്ങളുടെ കണക്കനുസരിച്ച് ആകെ മരണസംഖ്യ 1,010 ആണ്. നാലായിരത്തിലേറെ പേരെ ദുരന്തത്തിൽ കാണാതായി. 11,800 പേരെയാണ് രക്ഷാപ്രവർത്തനത്തിലൂടെ കണ്ടെത്തിയത്.
ദുരിതബാധിത മേഖലകളിൽ 9,200 സൈനിക അംഗങ്ങളെയാണ് രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിരിക്കുന്നത്.
നേപ്പാളിലെ വിവിധ ഹൈഡ്രോ പവർ തുരങ്ക നിർമാണ സ്ഥലങ്ങളിലായി 900 തൊഴിലാളികളെയാണ് കാണാതായത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. 200 മീറ്റർ താഴ്ചയിലേക്ക് വരെ തെരച്ചിൽ വിന്യസിച്ചു. തുരങ്കങ്ങളിലെല്ലാം മണ്ണ് മൂടപ്പെട്ട അവസ്ഥയാണ്. അതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായി തുടരുന്നു.
അടിസ്ഥാന സൗകര്യങ്ങളില്ല
യുഎൻ റിപ്പോർട്ട് പ്രകാരം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേപ്പാളിൽ അത്ര മികച്ചതായല്ല നടക്കുന്നത്. 65,000 ത്തിലേറെ പേർക്ക് വെള്ളം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭ്യമല്ലെന്നാണ് വിവരം.
ആശങ്ക തുടരുന്നു
നേപ്പാളിലും ചൈനയിലും ലഭിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ കൂടുതൽ ആശങ്കയുണ്ടാക്കുന്നു. ജിറോങ് (Gyirong) മേഖലയിൽ വീണ്ടും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ഇത് സമീപത്തുള്ള തടസ്സം മൂലമുണ്ടായ തടാകത്തിലെ (barrier lake) ജലനിരപ്പ് ഉയർത്താൻ ഇടയാക്കുമെന്നും ചൈനയിലെ കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഒപ്പം, സമീപത്തെ ഹിമാനികൾ തകരാനുള്ള സാധ്യതയെക്കുറിച്ചും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Also Read: മമത ബാനർജിയുടെ മരുമകൾ തൂങ്ങിമരിച്ച നിലയിൽ