നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന; കോൺഗ്രസ് മണ്ഡലം സെക്രട്ടറി പിടിയിൽ
നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുന്ന കോൺഗ്രസ് മണ്ഡലം സെക്രട്ടറി സിദ്ധിഖിനെ പൊലീസ് പിടികൂടി. ഹാൻസ്, കൂൾ എന്നീ നിരോധിത ഉൽപ്പന്നങ്ങളാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. തൃക്കരുവ സിയാദ് മൻസിൽ സിദ്ധിഖിനെ നിരവധി ഹാൻസ്, കൂൾ പാക്കറ്റുകളുമായാണ് അഞ്ചാലുമൂട് പൊലീസ് പൊക്കിയത്.
അഞ്ചാലുമൂട് അനചുട്ടിമുക്കിൽ ഇയാൾ പരസ്യമായി നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് മനസിലാക്കി എസ്.എച്ച്.ഒ വിഷ്ണു, മഫ്തി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സബ് ഇൻസ്പെക്ടർ സാന്റേ പി.എ, ഷിഹാബ്, സിപിഒ അഭിജിത്ത്, സുനിലാൽ, ശിവകുമാർ, ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
നിരോധിതമോ നിയമവിരുദ്ധമായി വിൽക്കുന്നതോ ആയ ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനായി നേരത്തെ നാല് തവണ ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇയാളുടെ വാഹനം പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിരുന്നു. നിയമവശങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും ആവർത്തിച്ച് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഇയാൾ വീണ്ടും ഹാൻസും കൂളും വിൽപ്പന തുടരുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ തുടർനിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിയമവിരുദ്ധമായ വിൽപ്പനയിലൂടെ കുട്ടികളെയും പൊതുജനങ്ങളെയും അപകടസാധ്യതയിലേക്ക് നയിക്കുന്നവർക്കെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്ന് അഞ്ചാലുമൂട് പോലീസ് അറിയിച്ചു. Also Read: സിംബാബ്വെ പഴയ സിംബാബ്വെയല്ല ! ബംഗ്ലാദേശിന് 99 റൺസിന്റെ നാണംകെട്ട തോൽവി
