കോലിയുടെ മാസ്റ്റർ ക്ലാസ്, ഒന്നാം ഏകദിനത്തിൽ കിവികളെ 5 വിക്കറ്റിന് കീഴടക്കി ഇന്ത്യ
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 5 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 40.2 ഓവറില്‍ 185 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. അര്‍ഷദീപ് സിങ് ഇന്ത്യയ്ക്കായി 4 വിക്കറ്റ് നേടിയപ്പോള്‍ ഗുര്‍ണൂര്‍ ബ്രാര്‍ 3 വിക്കറ്റുകളുമായി തിളങ്ങി. മത്സരം മഴ കാരണം 2 തവണ തടസ്സപ്പെട്ടപ്പോള്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 32 ഓവറില്‍ 143 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. ഈ വിജയലക്ഷ്യം 22.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
51 പന്തില്‍ നിന്ന് ഒരു സിക്‌സും 13 ഫോറുമടക്കം 74 റണ്‍സെടുത്ത വിരാട് കോലിയുടെ ഇന്നിങ്ങ്‌സാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. 56 പന്തില്‍ 37 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോലിയ്ക്ക് ഉറച്ച പിന്തുണ നല്‍കി. കിവീസിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മയെ(0) നഷ്ടമായി. പിന്നീട് ക്രീസിലെതിയ ശുഭ്മാന്‍ ഗില്‍- കോലി സഖ്യം ഉണ്ടാക്കിയ 113 റണ്‍സ് കൂട്ടുക്കെട്ടാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്.
പത്തൊമ്പതാം ഓവറില്‍ ഗില്ലിനെ നേഥന്‍ സ്മിത് പുറത്താക്കിയതിന് പിന്നാലെ കോലിയേയും അക്ഷര്‍ പട്ടേലിനെയും പുറത്താക്കി ജേക്കബ് ഡഫി ഇന്ത്യന്‍ വിജയം വൈകിപ്പിച്ചു. 15 റണ്‍സെടുത്ത ശ്രേയസ് അയ്യരും പുറത്തായതോടെ 22.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.
