അവർ മാത്രമല്ല, മുഴുവൻ ടീമും പങ്കാളികളായിരുന്നു, പന്ത് ചുരുണ്ടൽ വിവാദത്തിൽ വെളിപ്പെടുത്തലുമായി ഉസ്മാൻ ഖവാജ
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 2018ലെ സാന്‍ഡ്‌പേപ്പര്‍ ഗേറ്റ് വിവാദത്തില്‍ നിര്‍ണായകവെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ മുന്‍ താരം ഉസ്മാന്‍ ഖവാജ. മത്സരം സംപ്രേക്ഷണം ചെയ്യുന്ന ക്യാമറകളുടെ കണ്ണില്‍പ്പെടാതെ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്തില്‍ കൃത്രിമം കാണിക്കാന്‍ ടീം നടത്തിയ ആസൂത്രണത്തെ പറ്റി ഖവാജയുടെ പുതിയ പുസ്തകമായ സബ്ര്‍ (sabr)ലാണ് വെളിപ്പെടുത്തല്‍.
2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന കേപ്ടൗണ്‍ ടെസ്റ്റിലാണ് കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടുന്നത് ക്യാമറയില്‍ കുടുങ്ങിയത്. അന്നത്തെ ക്യാപ്റ്റനായ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് ഇതിനെ തുടര്‍ന്ന് വിലക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഡ്രസ്സിംഗ് റൂമില്‍ തമാശയായി തുടങ്ങിയ പദ്ധതി ഗൗരവകരമായി മാറിയതായിരുന്നു ഇതെന്ന് ഖവാജ പുസ്തകത്തില്‍ പറയുന്നു.
കളിക്കളത്തിലേക്ക് ഇറങ്ങുന്ന സമയത്ത് ബൗണ്ടറി ലൈനില്‍ വെച്ച് പന്തില്‍ കൃത്രിമം കാണിക്കാനായിരുന്നു ആദ്യ തീരുമാനം. ഫീല്‍ഡിലേക്ക് ഇറങ്ങുമ്പോള്‍ അമ്പയര്‍മാര്‍ പന്ത് ബൗണ്ടറി ലൈനില്‍ വെയ്ക്കുമെന്നും അപ്പോള്‍ ക്യാമറകള്‍ തങ്ങളെ പകര്‍ത്തില്ലെന്നും അറിയാമായിരുന്നു. അമ്പയര്‍മാര്‍ 100 മീറ്റര്‍ മുന്നിലായിരിക്കും. ആ സമയത്ത് എന്തും ചെയ്യാം. എന്നാല്‍ തന്നെ കൊണ്ടാകില്ലെന്ന് വാര്‍ണര്‍ വ്യക്തമാക്കി. അങ്ങനെ ഓസ്‌ട്രേലിയന്‍ ടീമില്‍ അരങ്ങേറി ഏതാനും മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള യുവതാരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സ്വയം മുന്നോട്ട് വരികയായിരുന്നുവെന്ന് ഖവാജ പുസ്തകത്തില്‍ കുറിച്ചു.
കേപ്ടൗണില്‍ മഴയുള്ള അന്തരീക്ഷമായതിനാല്‍ പന്ത് റിവേഴ്‌സ് സ്വിംഗ് ചെയ്യാന്‍ പ്രയാസമായിരുന്നു. ഇതാണ് പന്തില്‍ കൃത്രിമം കാണിക്കാന്‍ ടീമിനെ പ്രേരിപ്പിച്ചത്. ഡ്രസ്സിംഗ് റൂമില്‍ ഒരാള്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ ബെന്‍ക്രോഫ്റ്റിനോട് ആവശ്യപ്പെട്ടത് നേരിട്ട് കേട്ടതായും ഖവാജ പുസ്തകത്തില്‍ പറയുന്നു. മുഴുവന്‍ ടീമും പന്തില്‍ കൃത്രിമം കാണിക്കുന്നതിനെ പറ്റി ബോധവന്മാരായിരുന്നു എന്നാണ് ഖവാജയുടെ വെളിപ്പെടുത്തല്‍. ALSO READ: ഫ്രാഞ്ചൈസികള്‍ക്ക് എതിര്‍പ്പ്, ഐപിഎല്ലിന്റെ അടുത്ത സീസണിലും ഇമ്പാക്റ്റ് പ്ലെയര്‍ നിയമം തുടരാന്‍ സാധ്യത
