ലസിത് മലിംഗയും മുംബൈ ഇന്ത്യൻസും പിരിഞ്ഞു
Lasith Malinga
കോച്ചിങ് സ്റ്റാഫിൽ ഉടച്ചുവാർക്കൽ തുടർന്ന് മുംബൈ ഇന്ത്യൻസ്. ബൗളിങ് പരിശീലകരായ ലസിത് മലിംഗ, പരാസ് മാംബ്രെ എന്നിവരും തെറിച്ചു. ഫീൽഡിങ് കോച്ച് കാൾ ഹോപ്കിൻസും പുറത്തായി.
ശ്രീലങ്കൻ ഇതിഹാസം മഹേല ജയവർധനെയെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് മുംബൈ ഇന്ത്യൻസ് നേരത്തെ മാറ്റിയിരുന്നു. മുംബൈയുടെ നാല് ഐപിഎൽ കിരീടങ്ങളിൽ ബൗളിങ് മികവ് കൊണ്ട് നിർണായക സ്വാധീനമായ താരമാണ് മലിംഗ. അതിനുശേഷമാണ് പരിളീക വേഷത്തിൽ ടീമിനൊപ്പം തുടർന്നത്.
നേരത്തെ മുംബൈ ഇന്ത്യൻസിന്റെ മെന്ററായി മലിംഗ പ്രവർത്തിച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസിന്റെ ബൗളിങ് പരിശീലക സ്ഥാനത്തുനിന്നാണ് മലിംഗ മുംബൈ ഇന്ത്യൻസിലേക്ക് എത്തിയത്.
മുൻ ഇന്ത്യൻ ബൗളിങ് പരിശീലകൻ കൂടിയായ പരസ് മാംബ്രെയും മലിംഗയ്ക്കൊപ്പം മുംബൈയുടെ ബൗളിങ് പരിശീലകനായി പ്രവർത്തിക്കുകയായിരുന്നു. 2024ലാണ് മാംബ്രെ മുംബൈ ടീമിൽ തിരിച്ചെത്തിയത്. നേരത്തെ 2010 മുതൽ 2017വരെ മാംബ്രെ ടീമിലുണ്ടായിരുന്നു.
