സിജെപി സമരത്തിന്റെ ക്രെഡിറ്റ് തട്ടിയെടുത്ത് കോൺഗ്രസ്; എയറിലാക്കി പിള്ളേര്
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് കോൺഗ്രസിന്റെ സമരം കാരണമാണെന്ന തരത്തിലാണ് പോസ്റ്റിൽ പറയുന്നത്
ഡൽഹി സമരത്തിന്റെ ക്രെഡിറ്റ് തട്ടിയെടുത്തുള്ള കോൺഗ്രസിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പൊങ്കാല. 'ഇന്ത്യൻ നാഷണൽ കോൺഗ്രസ് - കേരള' പേജിലാണ് സമരത്തിനു നേതൃത്വം നൽകിയ കോക്രോച്ച് ജനത പാർട്ടിയെയോ നിരാഹാര സമരം നടത്തിയ സോനം വാങ്ചുക്കിനെയോ പരാമർശിക്കാതെയുള്ള പോസ്റ്റ്.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് കോൺഗ്രസിന്റെ സമരം കാരണമാണെന്ന തരത്തിലാണ് പോസ്റ്റിൽ പറയുന്നത്. 'ഇങ്ങനെയൊന്ന് തുനിഞ്ഞിറങ്ങിയാൽ മുട്ടുമടക്കാതെ പിന്നെയെങ്ങനെ..!' എന്ന ക്യാപ്ഷനോടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ ചിത്രമാണ് ഈ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചത്. ഈ പോസ്റ്റിനു താഴെ കോൺഗ്രസിനെ വിമർശിച്ചും പരിഹസിച്ചും നിരവധി കമന്റുകൾ വന്നിട്ടുണ്ട്.
14,000 റിയാക്ഷനുകളാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. അതിൽ 11,000 അധികം പേരും ചിരിക്കുന്ന ഇമോജിയാണ് ഇട്ടിരിക്കുന്നത്. ജൂൺ 20 നാണ് സിജെപി സമരം ഡൽഹിയിൽ ആരംഭിച്ചത്. വാങ്ചുക്ക് നിരാഹാരം ആരംഭിച്ചത് ജൂൺ 28 നാണ്. എന്നാൽ കോൺഗ്രസ് ഡൽഹിയിൽ ഏതെങ്കിലും തരത്തിൽ പ്രതിഷേധിക്കുന്നത് ജൂലൈ 20 ന് ശേഷമാണ്. വസ്തുതകൾ ഇങ്ങനെയാണെന്നിരിക്കെയാണ് വിദ്യാഭ്യാസ മന്ത്രി രാജിവെച്ചതിനു പിന്നാലെ അതിന്റെ ക്രെഡിറ്റ് അടിച്ചമാറ്റാനുള്ള ശ്രമം.