കേരളത്തിലും എൽപിജി പ്രതിസന്ധി; വടക്കൻ കേരളത്തിൽ വിതരണം നിലച്ചു, ഹോട്ടൽ മേഖല ആശങ്കയിൽ
ഇറാന്‍-ഇസ്രയേല്‍-അമേരിക്ക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ നിഴല്‍ കേരളത്തിലെ അടുക്കളകളിലും വീണിരിക്കുകയാണ്. വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ ഹോട്ടല്‍-റസ്റ്ററന്റ് മേഖല കടുത്ത പ്രതിസന്ധിയിലാണ്.
മലപ്പുറം ചേലാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍പിജി റീഫില്ലിങ് പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തിയതോടെ വടക്കന്‍ കേരളത്തിലെ ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും ഗുരുതരമായ ഗ്യാസ് ക്ഷാമം നേരിടേണ്ടി വരുന്നതായാണ് റിപ്പോര്‍ട്ട്. മംഗളൂരു-കൊച്ചി റിഫൈനറികളില്‍ നിന്ന് ഗ്യാസ് കൊണ്ടുവരുന്ന ടാങ്കര്‍ ലോറികളുടെ എണ്ണം 32-ല്‍ നിന്ന് 16 ആയി കുത്തനെ കുറഞ്ഞതാണ് ഈ സ്ഥിതിക്ക് കാരണം.
ഇറാന്‍-ഇസ്രയേല്‍-അമേരിക്ക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതിനെ തുടര്‍ന്ന് 14.2 കിലോ ഗാര്‍ഹിക സിലിണ്ടറിന് 60 രൂപയും 19 കിലോ വാണിജ്യ സിലിണ്ടറിന് 114.50 രൂപയും വര്‍ധിപ്പിച്ചിരുന്നു. പാചകവാതക വിതരണം ഉറപ്പാക്കാന്‍ എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. എല്പിജി ഉത്പാദനം പരമാവധി വര്‍ധിപ്പിക്കാന്‍ റിഫൈനറികള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതിസന്ധി നേരിടാന്‍ അധികമായി ഉത്പാദിപ്പിക്കുന്ന പാചകവാതകം പൂര്‍ണമായും ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മാറ്റിവെയ്ക്കാനാണ് കേന്ദ്ര തീരുമാനം. ഇറക്കുമതി ചെയ്യുന്ന എല്പിജി വിതരണത്തില്‍ ആശുപത്രികള്‍ക്കും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രഥമ പരിഗണന നല്‍കാനും നിര്‍ദേശമുണ്ട്.