പിന്നിൽ നിന്ന് കുത്തിയവർക്കൊപ്പമില്ല, കോൺഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി നീക്കവുമായി ഡിഎംകെ
കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും ഡിവോഴ്‌സ് ചെയ്‌തെന്നുമാണ് ഡിഎംകെ സംഘടന സെക്രട്ടറി ആര്‍ എസ് ഭാരതിയുടെ പ്രതികരണം.
ഡല്‍ഹിയില്‍ ഇന്ത്യ മുന്നണി യോഗം നടന്ന ദിവസം തന്നെ ബിജെപിക്കെതിരായ മൂന്നാം മുന്നണി വരുമെന്ന സൂചനയുമായി ഡിഎംകെ. ഒട്ടേറെ പാര്‍ട്ടികള്‍ ഇന്ത്യ മുന്നണിയില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്. ബിജെപിക്കെതിരായ പൊതുലക്ഷ്യങ്ങള്‍ ചേര്‍ത്ത് ഭാവിയില്‍ ഇവരെ ചേര്‍ത്ത് മൂന്നാം മുന്നണിയുണ്ടാകുമെന്ന സൂചന ഡിഎംകെ വക്താവായ ടികെഎസ് ഇളങ്കോവനാണ് നല്‍കിയത്.
കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും ഡിവോഴ്‌സ് ചെയ്‌തെന്നുമാണ് ഡിഎംകെ സംഘടന സെക്രട്ടറി ആര്‍ എസ് ഭാരതിയുടെ പ്രതികരണം. പിന്നില്‍ നിന്നും കുത്തിയവരെ ഇനി കൂടെ കൂട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. തമിഴ്നാട് തിരെഞ്ഞെടുപ്പില്‍ ടിവികെ ഭൂരിപക്ഷം നേടിയപ്പോള്‍ ഡിഎംകെയുമായി ചര്‍ച്ച നടത്താതെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ഭാഗമായതോടെയാണ് കോണ്‍ഗ്രസുമായി ഡിഎംകെ ഇടഞ്ഞത്. ഇതിനിടെ ഡിഎംകെയെ അറിയിച്ചാണ് സഖ്യം വിട്ടതെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്ത് വന്നിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ സമീപനത്തില്‍ പ്രതിഷേധമായി കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ ഡിഎംകെ പങ്കെടുത്തിരുന്നില്ല. തമിഴ്നാട്ടില്‍ ഡിഎംകെയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും തളര്‍ന്നതോടെ ഇന്ത്യ സഖ്യം ദുര്‍ബലമായിട്ടുണ്ട്. ബിജെപിക്ക് ബദല്‍ എന്ന നിലയില്‍ മുന്‍പെന്നുമില്ലാത്ത വിധത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്ന തീരുമാനമാണ് ഇന്നലെ ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലുണ്ടായത്. അതേസമയം കോണ്‍ഗ്രസിന്റെ പല സമീപനങ്ങളെയും സഖ്യത്തിനുള്ളിലെ നേതാക്കള്‍ വിമര്‍ശനം അറിയിച്ചു. സിപിഎം, സമാജ്വാദി പാര്‍ട്ടി എന്നിവരാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ചത്.