കോണ്‍ഗ്രസിനോട് അരിശം, ഡിഎംകെ പങ്കെടുക്കില്ല,ഡീല്‍ ആരോപണത്തില്‍ സിപിഎമ്മും ഇടഞ്ഞു, ഇന്ത്യ സഖ്യത്തിന്റെ നിര്‍ണായക യോഗം ഇന്ന്
നീറ്റ്, സിബിഎസ്ഇ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് യുവാക്കളുടെ രോഷം കത്തിപ്പടരുമ്പോഴും മുതലെടുക്കാനാവാതെ ഇന്ത്യ സഖ്യം.
pic: Twitter
അഞ്ചിടങ്ങളില്‍ നടന്ന നിയമസഭാ തിരെഞ്ഞെടുപ്പുകള്‍ ഇന്ത്യ സഖ്യത്തെയാകെ തളര്‍ത്തിയിരുന്നു. ബംഗാളില്‍ മമതാ ബാനര്‍ജിയുടെയും തമിഴ്നാട്ടില്‍ എം കെ സ്റ്റാലിന്റെയും വീഴ്ചയാണ് ഇതിന് കാരണം. ഇന്ന് ഇന്ത്യ സഖ്യം യോഗം ചേരുമ്പോള്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ ആം ആദ്മി പാര്‍ട്ടിയും തമിഴ്നാട്ടില്‍ സഖ്യം പിരിഞ്ഞ ഡിഎംകെയും യോഗത്തില്‍ പങ്കെടുക്കില്ല. അതേസമയം കേരളത്തിലെ തിരെഞ്ഞെടുപ്പിനിടെ ബിജെപി- സിപിഎം ഡീല്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. ഇത് സിപിഎമ്മിനെയും ചൊടുപ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കാണിച്ച സിപിഎം ഇന്ത്യ നേതാകള്‍ക്കും ഖാര്‍ഗെയ്ക്കും കത്തയച്ചു.
അതേസമയം വിയോജിപ്പുകള്‍ക്കിടയിലും യോഗത്തില്‍ സിപിഎം പ്രതിനിധിയായി രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസ് പങ്കെടുക്കും. യോഗത്തില്‍ കോണ്‍ഗ്രസിനോടുള്ള വിയോജിപ്പ് ബ്രിട്ടാസ് അറിയിക്കും. 23 പാര്‍ട്ടി നേതാക്കളാണ് യോഗത്തിലെത്തുക. നിലവില്‍ പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷം ബിജെപിക്ക് ഒറ്റയ്ക്കില്ലെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരെഞ്ഞെടുപ്പുകളിലെ ഫലം ഇന്ത്യ ഗ്രൂപ്പിനെ ബാധിച്ചിട്ടുണ്ട്. പ്രധാനമായും മമത ബാനര്‍ജി, എം കെ സ്റ്റാലിന്‍ എന്നിവരുടെ തകര്‍ച്ച ഇന്ത്യ ഗ്രൂപ്പിനെ തളര്‍ത്തിയിട്ടുണ്ട്.