1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Air india express fuel surcharge increase

വിമാനയാത്രയും ഇനി 'പൊള്ളും': ഇന്ധന സർചാർജ് പ്രഖ്യാപിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

എയര്‍ ഇന്ത്യയ്ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിനും ഈ വര്‍ധനവ് ബാധകമാണ്.

Air India Flight
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യുദ്ധസമാനമായ സാഹചര്യവും ആഗോള വിപണിയില്‍ വിമാന ഇന്ധനവില കുത്തനെ ഉയര്‍ന്നതും മുന്‍നിര്‍ത്തി ടിക്കറ്റ് നിരക്കുകളില്‍ വലിയ വര്‍ധനവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ ഗ്രൂപ്പ്. എയര്‍ ഇന്ത്യയ്ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിനും ഈ വര്‍ധനവ് ബാധകമാണ്. മാര്‍ച്ച് 12 മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പുതുക്കിയ നിരക്ക് നല്‍കേണ്ടി വരുന്നത്.
 
ആഭ്യന്തര യാത്രക്കാര്‍ക്ക് 399 രൂപ അധികം
 
പുതുക്കിയ നിരക്ക് പ്രകാരം എല്ലാ ആഭ്യന്തര സര്‍വീസുകള്‍ക്കും 399 രൂപ ഇന്ധന സര്‍ചാര്‍ജായി ഈടാക്കും. ഇന്ത്യയ്ക്ക് പുറമെ മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ സാര്‍ക് (SAARC) രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്കും ഇതേ തുക അധികമായി നല്‍കണം. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍ചാര്‍ജ് ഈടാക്കുന്നുണ്ടായിരുന്നില്ല.
 
 
അന്താരാഷ്ട്ര യാത്രക്കാര്‍ക്കും നിരക്ക് വര്‍ധന വലിയ തിരിച്ചടിയാകും. ഘട്ടംഘട്ടമായാണ് അന്താരാഷ്ട്ര റൂട്ടുകളില്‍ വര്‍ധനവ് നടപ്പിലാക്കുന്നത്:
 
ഗള്‍ഫ് മേഖല:പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് 10 ഡോളര്‍ (ഏകദേശം 840 രൂപ) അധികം നല്‍കണം.
 
യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്ട്രേലിയ: ഈ റൂട്ടുകളില്‍ മാര്‍ച്ച് 18 മുതല്‍ സര്‍ചാര്‍ജ് ബാധകമാകും. യൂറോപ്പിലേക്ക് 125 ഡോളറായും നോര്‍ത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് 200 ഡോളറായും സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു.
 
തെക്കുകിഴക്കന്‍ ഏഷ്യ: സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് 60 ഡോളര്‍ സര്‍ചാര്‍ജ് നല്‍കേണ്ടി വരും.
 
മാര്‍ച്ച് മാസം മുതല്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (ATF) വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് മാറുന്നത്. ഡല്‍ഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന വാറ്റും എക്‌സൈസ് ഡ്യൂട്ടിയും ആഘാതം വര്‍ധിപ്പിക്കുന്നു. സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സര്‍വീസുകള്‍ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും പല ഫ്‌ലൈറ്റുകളും റദ്ദാക്കേണ്ടി വരുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
 
മാര്‍ച്ച് 12-ന് മുന്‍പ് ടിക്കറ്റ് എടുത്തവര്‍ക്ക് നിലവില്‍ ഈ വര്‍ധനവ് ബാധകമല്ല. എന്നാല്‍ പഴയ ടിക്കറ്റുകളില്‍ തീയതി മാറ്റാനോ യാത്ര റീഷെഡ്യൂള്‍ ചെയ്യാനോ ശ്രമിച്ചാല്‍ പുതിയ സര്‍ചാര്‍ജ് കൂടി നല്‍കേണ്ടി വരും. എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ മറ്റ് പ്രമുഖ വിമാനക്കമ്പനികളും ഉടന്‍ തന്നെ സര്‍ചാര്‍ജ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് വ്യവസായ രംഗത്തെ വിലയിരുത്തല്‍.
അടുത്ത ലേഖനം
മരുമകനെയും ക്ഷണിക്കണമെന്നാണോ?, കുടുംബത്തിലെ എല്ലാവരെയും വിളിക്കണമെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്: രാജീവ് ചന്ദ്രശേഖർ