വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായുള്ള ന്യൂനമർദ്ദം ശക്തിപ്രാപിച്ചു, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ച് 'ശക്തികൂടിയ ന്യൂനമര്‍ദ്ദമായി'മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. നിലവില്‍ വടക്കന്‍ ഒഡീഷ - പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്ക് മുകളിലായാണ് ഈ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്.
അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇത് വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. തുടര്‍ന്ന് വടക്കന്‍ ഒഡീഷയ്ക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങള്‍ക്കും കുറുകെ ഇത് കടന്നുപോകാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക പത്രക്കുറിപ്പില്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജൂലൈ 16 മുതല്‍ ജൂലൈ 20 വരെയാണ് മഴ അറിയിപ്പുള്ളത്.