1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 22 Crorepatis in One Draw: CM V.D. Satheesan Releases Kerala Onam Bumper with Enhanced Security Features

തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ, ഇത്തവണ ഒന്നാം സമ്മാനം 30 കോടി!

രുന്ന തിങ്കളാഴ്ച (ജൂലൈ 20) മുതല്‍ ടിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കും. സെപ്റ്റംബര്‍ 26-നാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ്

Kerala Lottery Onam Bumper 30 Crore
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വര്‍ഷത്തെ 'തിരുവോണം ബമ്പര്‍' ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ടിക്കറ്റ് പ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അഞ്ജു കെ.എസ്, അഡീഷണല്‍ ഡയറക്ടര്‍മാരായ ഷാജു പി.എ, അനില്‍കുമാര്‍ കെ.എസ് എന്നിവര്‍ പങ്കെടുത്തു. വരുന്ന തിങ്കളാഴ്ച (ജൂലൈ 20) മുതല്‍ ടിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കും. സെപ്റ്റംബര്‍ 26-നാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 500 രൂപയാണ് ടിക്കറ്റ് വില.
 
 22 കോടീശ്വരന്മാര്‍; ആകര്‍ഷകമായ സമ്മാനഘടന
 
റെക്കോര്‍ഡ് സമ്മാനത്തുകയുമായാണ് ഇത്തവണ തിരുവോണം ബമ്പര്‍ വിപണിയിലെത്തുന്നത്. ഒന്നാം സമ്മാനമായി 30 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഉയര്‍ന്ന തുക ബമ്പറിന് നല്‍കുന്നത്. ഇതിന് പുറമെ ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും ലഭിക്കും. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 3 കോടി രൂപയാണ് കമ്മീഷനായി ലഭിക്കുക. ഇതോടെ ഒരൊറ്റ നറുക്കെടുപ്പിലൂടെ 22 കോടീശ്വരന്മാരെ സൃഷ്ടിക്കാന്‍ സാധിക്കുന്ന രീതിയിലാണ് സമ്മാനഘടന വിഭാവനം ചെയ്തിരിക്കുന്നത്.
 
മറ്റു പ്രധാന സമ്മാനങ്ങള്‍ താഴെ പറയുന്നവയാണ്
 
മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്.
നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേര്‍ക്ക്.
അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക്.
കൂടാതെ 5,000 രൂപ മുതല്‍ 500 രൂപ വരെയുള്ള ലക്ഷക്കണക്കിന് മറ്റ് സമ്മാനങ്ങളും ടിക്കറ്റിലുണ്ട്.
 
ഉയര്‍ന്ന ജി.എസ്.ടി നിരക്കിലും സമ്മാനങ്ങള്‍ കുറച്ചില്ല
 
ലോട്ടറി ടിക്കറ്റുകള്‍ക്ക് മുന്‍പുണ്ടായിരുന്ന 28% ജി.എസ്.ടി നിരക്ക്, 2025 സെപ്റ്റംബര്‍ 21 മുതല്‍ 40 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ജി.എസ്.ടി നിരക്കില്‍ വലിയ വര്‍ദ്ധനവുണ്ടായെങ്കിലും, ആകെ സമ്മാനത്തുകയിലോ സമ്മാനങ്ങളുടെ എണ്ണത്തിലോ യാതൊരു കുറവും വരുത്താതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തവണയും ഓണം ബമ്പര്‍ പുറത്തിറക്കിയിട്ടുള്ളത്. ഏജന്റുമാര്‍ക്ക് ഡിസ്‌കൗണ്ടിന് പുറമെ ഓരോ ടിക്കറ്റിനും ഒരു രൂപ വീതം പ്രത്യേക ഇന്‍സെന്റീവും അനുവദിച്ചിട്ടുണ്ട്. വില്‍പനയുടെ പുരോഗതി അനുസരിച്ച് 10 പരമ്പരകളിലായി ആകെ 90 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാനാണ് വകുപ്പിന്റെ തീരുമാനം.
 
ഫ്‌ലൂറസെന്റ് സുരക്ഷ; വ്യാജന്മാര്‍ക്കെതിരെ ജാഗ്രത
 
ഉയര്‍ന്ന മുഖവിലയുള്ള ടിക്കറ്റായതിനാല്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമെ, ഇത്തവണ ടിക്കറ്റുകളില്‍ ഫ്‌ലൂറസെന്റ് മഷിയിലുള്ള അച്ചടി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വ്യാജ ടിക്കറ്റുകള്‍ നിര്‍മ്മിക്കുന്നത് പൂര്‍ണ്ണമായും തടയും.
 
വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത ഏജന്റുമാര്‍ വഴി നേരിട്ട് മാത്രമേ ഭാഗ്യക്കുറി വകുപ്പ് ടിക്കറ്റ് വിതരണം ചെയ്യുകയുള്ളൂ. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പേപ്പര്‍ ലോട്ടറികള്‍ മാത്രമാണ് പുറത്തിറക്കുന്നത്. അതിനാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ ഡിജിറ്റല്‍ പേയ്മെന്റ് ലിങ്കുകള്‍ വഴിയോ ആരും ലോട്ടറി ടിക്കറ്റുകള്‍ വാങ്ങരുതെന്നും, അംഗീകൃത ഏജന്റുമാരില്‍ നിന്നോ വില്‍പനക്കാരില്‍ നിന്നോ നേരിട്ട് മാത്രമേ ടിക്കറ്റുകള്‍ വാങ്ങാവൂ എന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായുള്ള ന്യൂനമർദ്ദം ശക്തിപ്രാപിച്ചു, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത