1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Walayar mob lynch all convicts are linked to BJP

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; അറസ്റ്റിലായവര്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍, നിശബ്ദത തുടര്‍ന്ന് മാധ്യമങ്ങള്‍

Walayar mob lynch, kerala news, walayar crime, BJP,വാളയാർ ആൾക്കൂട്ട കൊലപാതകം, കേരളവാർത്ത,ബിജെപി
ശരീരത്തില്‍ എണ്‍പതില്‍ അധികം മുറിവുകള്‍, മരണത്തിനു കാരണം തലയ്ക്കേറ്റ പരുക്കും ആന്തരിക രക്തസ്രാവവും..!വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട കൊലപാതകത്തില്‍ ജീവന്‍ നഷ്ടമായ രാംനാരായണ്‍ ഭയ്യാലയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളാണ്. ഉത്തരേന്ത്യയിലെ സംഘപരിവാര്‍ മോഡല്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയാണ് രാംനാരായണ്‍. എന്നാല്‍ ഇക്കാര്യങ്ങള്‍ വിളിച്ചുപറയാന്‍ കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ മടിക്കുന്നു. ഛത്തീസ്ഗഢില്‍ നിന്ന് തൊഴില്‍തേടിയെത്തിയ രാംനാരായണനെ ബംഗ്ലാദേശി എന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ട വിചാരണ നടത്തിയതും ക്രൂരമായി കൊലപ്പെടുത്തിയതെന്നും മന്ത്രി എം.ബി.രാജേഷ് ആരോപിച്ചു. 
 
കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് പൊലീസ് ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി. പ്രസാദ്, സി. മുരളി, കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ കെ. ബിബിന്‍, അനന്തന്‍, അട്ടപ്പള്ളം കല്ലങ്കാട് എ.അനു എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ നാല് പേര്‍ക്കും ആര്‍എസ്എസും ബിജെപിയുമായി വളരെ അടുത്ത ബന്ധമുണ്ട്. അറസ്റ്റിലായവരുടെ ബിജെപി-ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് ഈ നാട്ടിലെ മാധ്യമങ്ങള്‍ മിണ്ടാത്തത് എന്തുകൊണ്ടാണ്? സംഘപരിവാരത്തിനു ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനും നാളെ മാധ്യമങ്ങളെ പോലും വേട്ടയാടാനുമുള്ള ലൈസന്‍സ് നല്‍കുകയുമാണ് ഇപ്പോഴത്തെ നിശബ്ദത. ദുരിതാശ്വാസ ക്യാംപിലേക്ക് അവശ്യ സാധനങ്ങള്‍ കൊണ്ടുവന്ന ഓട്ടോയ്ക്കു കൊടുക്കാന്‍ 70 രൂപ പിരിച്ച സിപിഎം പ്രവര്‍ത്തകനായ സഖാവ് ഓമനക്കുട്ടനെ വേട്ടയാടാന്‍ കാണിച്ച ജാഗ്രതയുടെ പകുതിയെങ്കിലും ഈ ആര്‍എസ്എസ്-ബിജെപി ക്രിമിനലുകളെ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ മാധ്യമങ്ങള്‍ പുലര്‍ത്തണം. 
 
കേസില്‍ പ്രതികളായവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. രണ്ട് സിപിഎം പ്രവര്‍ത്തകരെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ കൂടിയാണ് ഇപ്പോള്‍ ആള്‍ക്കൂട്ട കൊലയില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍. 
 
 
ആള്‍ക്കൂട്ട വിചാരണ ഒരു പരിഷ്‌കൃത സമൂഹത്തിനു ചേരുന്നതല്ല. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ ഇന്ത്യയില്‍ ആള്‍ക്കൂട്ട വിചാരണയും ഇതേ തുടര്‍ന്നുള്ള കൊലപാതകങ്ങളും സാധാരണ സംഭവമായി തുടങ്ങിയിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ആര്‍എസ്എസും ബിജെപിയും അധികാരത്തിലെത്തിയതിനു പിന്നാലെയാണ് നാടിനെ നടുക്കുന്ന ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയായത്. മനുഷ്യര്‍ക്കിടയില്‍ ഈ വിദ്വേഷ രാഷ്ട്രീയം പരത്തുന്ന സംഘപരിവാരത്തെ കേരള സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണം. ഒപ്പം 'എല്ലാവരും ഒരുപോലെ' എന്ന സമീകരണത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും നിശബ്ദമായി പ്രതിരോധം തീര്‍ക്കുന്ന വലതുപക്ഷ മാധ്യമങ്ങളും ചോദ്യം ചെയ്യപ്പെടണം.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഷെയ്ഖ് ഹസീനയുടെ കടുത്ത വിമർശനം: ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്?