അഭിറാം മനോഹർ|
Last Modified തിങ്കള്‍, 22 ഡിസംബര്‍ 2025 (11:33 IST)
തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ പദവിയിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി ആരാകുമെന്ന ചോദ്യമാണ് സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും ചൂടേറിയ ചര്‍ച്ച. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ണായക യോഗം ഇന്ന് നടക്കുന്നതിനിടെ, മേയര്‍ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള തീരുമാനത്തിലേക്ക് പാര്‍ട്ടി അടുക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.
പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം അനുസരിച്ച്, ഡിസംബര്‍ 24 അല്ലെങ്കില്‍ 25നകം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് അറിയുന്നത്. നിലവില്‍ വി.വി. രാജേഷ്, ആര്‍. ശ്രീലേഖ എന്നിവരാണ് പ്രധാന പരിഗണനയില്‍ ഉള്ള പേരുകള്‍. എന്നിരുന്നാലും അവസാന നിമിഷത്തില്‍ 'സര്‍പ്രൈസ്' സ്ഥാനാര്‍ഥി ഉയര്‍ന്നുവരാനുള്ള സാധ്യതയും ബിജെപി നേതൃത്വം പൂര്‍ണമായി തള്ളിക്കളയുന്നില്ല.
നാല്പത് വര്‍ഷത്തോളം ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായി നിലകൊണ്ടിരുന്ന തിരുവനന്തപുരം നഗരസഭയില്‍ ബിജെപി അധികാരം നേടിയത് കേരള രാഷ്ട്രീയത്തില്‍ തന്നെ വഴിത്തിരിവായ സംഭവമായിരുന്നു. അതിനാല്‍ തന്നെ, മേയര്‍ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് വെറും കോര്‍പ്പറേഷന്‍ ഭരണപരമായ തീരുമാനം മാത്രമല്ല; സംസ്ഥാനതലത്തില്‍ ബിജെപി മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ സന്ദേശമായും ഇത് വിലയിരുത്തപ്പെടുന്നു.
പുതിയ മേയര്‍ ആരാകും നഗരഭരണം എങ്ങനെ കൈകാര്യം ചെയ്യും എന്നതിലുപരി, കേരളത്തില്‍ ബിജെപി സ്വീകരിക്കുന്ന രാഷ്ട്രീയ സമീപനത്തിന്റെ പ്രതീകമായാണ് തിരുവനന്തപുരത്തെ തീരുമാനം മാറാന്‍ പോകുന്നത്. വികസനം, ഭരണപരിഷ്‌കാരം, സുതാര്യത എന്നീ വിഷയങ്ങളിലാണ് പാര്‍ട്ടി കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ ശ്രമിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വിഷയത്തില്‍ അന്തിമ വാക്ക് പറയുമെന്നാണ് സൂചന. പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് സംഘടനാ ശക്തിയും ഭരണപരിചയവും ഒരുപോലെ പരിഗണിച്ചായിരിക്കും തീരുമാനം.
ഡിസംബര്‍ 26നാണ് മേയറുടെയും ഡെപ്യൂട്ടി മേയറുടെയും തെരഞ്ഞെടുപ്പ് നടക്കുക. അതുവരെ നീളുന്ന ദിവസങ്ങള്‍ രാഷ്ട്രീയ നീക്കങ്ങളാലും അഭ്യൂഹങ്ങളാലും നിറഞ്ഞതായിരിക്കും. തിരുവനന്തപുരം നഗരസഭയില്‍ രൂപംകൊള്ളുന്ന പുതിയ ഭരണസമിതിയുടെ സ്വഭാവം, സംസ്ഥാന രാഷ്ട്രീയത്തിലെ ഭാവി സഖ്യങ്ങളും ശക്തിസമവാക്യങ്ങളും നിര്‍ണ്ണയിക്കുന്നതില്‍ ചെറിയ പങ്കല്ല വഹിക്കുക. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ഥി മരിച്ച വിഴിഞ്ഞത്ത് ജനുവരി 12നാണ് തിരെഞ്ഞെടുപ്പ്. 3 മുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമായ സീറ്റില്‍ 9 സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയിട്ടുള്ളത്.