അഭിറാം മനോഹർ|
Last Modified വെള്ളി, 19 ഡിസംബര്‍ 2025 (14:51 IST)
പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തില്‍ കേസെടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. നേരത്തെ എടുത്ത കേസുകള്‍ പിന്‍വലിക്കാനും തുടര്‍നടപടികള്‍ വേണ്ടെന്ന് വെയ്ക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഗാനത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.
അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണപാത സംരക്ഷണസമിതി നല്‍കിയ പരാതിയിലായിരുന്നു കേസെടുത്തത്. പിന്നാലെ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ കേസുകളിലൊന്നും തുടര്‍നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. കോടതിയില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ തീരുമാനം.
നേരത്തെ പാരഡി ഗാനത്തില്‍ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിപക്ഷം ആയുധമാക്കിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജനങ്ങള്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേസുമായി മുന്നോട്ട് പോകാതെ സര്‍ക്കാര്‍ പിന്തിരിയുന്നത്.