വഖഫ് ബോര്‍ഡിന് ആശ്വാസം: ഹൈക്കോടതി ഉത്തരവിന്റെ ഭാഗം സുപ്രീം കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: സംസ്ഥാന വഖഫ് ബോര്‍ഡിന് ആശ്വാസം നല്‍കിക്കൊണ്ട് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലെ അവസാന ഭാഗം സുപ്രീം കോടതി റദ്ദാക്കി. ഇതിന്റെ ഫലമായി വഖഫ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സംസ്ഥാന ജോയിന്റ് സെക്രട്ടറിയെ ബോര്‍ഡിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചുകൊണ്ടുള്ള നടപടി റദ്ദാക്കപ്പെട്ടു.
ബോര്‍ഡിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ കേസില്‍ ഇടപെടല്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചവരില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജും ഉള്‍പ്പെടുന്നു.
അതേസമയം ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കെത്തന്നെ കോഴിക്കോട്ട് വഖഫ് ബോര്‍ഡിന്റെ ജുഡീഷ്യല്‍ യോഗം ആരംഭിച്ചു. യോഗം ചേരുന്നതിന് യാതൊരു വിലക്കുമില്ലെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. നയപരമായ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് മാത്രമാണ് ഹൈക്കോടതി ഉത്തരവ് തടയുന്നതെന്നും ബോര്‍ഡിന് യോഗങ്ങള്‍ ചേരുന്നതില്‍ നിന്ന് അത് വിലക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.