മൂർഖന്റെ കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു
ഇന്ന് പുലർച്ചെയാണ് കുട്ടിയെ പാമ്പ് കടിച്ചത്
സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. തിരുവനന്തപുരം ചിറയൻകീഴിൽ മൂർഖൻ പാമ്പ് കടിച്ച് എട്ട് വയസുകാരനു ദാരുണാന്ത്യം. മൂലയിൽ വീട്ടിൽ ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. ഉറക്കത്തിനിടെയാണ് സംഭവം. ഉടൻ ചിറയിൻകീഴ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞ് കിടന്ന മുറിയിൽ നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി.
സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് പാമ്പ് കടിയേറ്റ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. തൃശൂർ കോടാലി സ്വദേശിയായ വിദ്യാർഥി പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ഫിൽജോയുടെ മകൻ ആൽജോയാണ് ശംഖുവരയൻ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. ആൽജോയുടെ സഹോദരൻ അനോജിനെയും പാമ്പ് കടിച്ചിരുന്നു. അനോജ് സുഖംപ്രാപിച്ചു വരുന്നു. കിളിമാനൂരിൽ 75 കാരി സുധർമയും പാമ്പ് കടിയേറ്റ് മരിച്ചു.
