കിടപ്പുമുറിയിലെ എസി യൂണിറ്റിനുള്ളില്‍ കണ്ടെത്തിയത് അഞ്ച് പാമ്പുകളെ!

snake
snake
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 5 മാര്‍ച്ച് 2026 (20:21 IST)
തിരുവനന്തപുരം: ശ്രീകാര്യത്ത് ഒരു വീടിനുള്ളില്‍ സ്ഥാപിച്ചിരുന്ന എയര്‍ കണ്ടീഷണര്‍ (എസി) യ്ക്കുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി. ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ ചെറുവക്കല്‍ സ്വദേശി മാധവ് ജെ പണിക്കറുടെ വീട്ടിലെ കിടപ്പുമുറിയിലെ എസിക്കുള്ളിലാണ് പാമ്പുകളെ കണ്ടെത്തിയത്. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ മാധവ് എസിയുടെ അടിയില്‍ എന്തോ പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പാണെന്ന് മനസ്സിലായത്.

മാധവ് പെട്ടെന്ന് തന്നെ വനം വകുപ്പിനെ സംഭവത്തെക്കുറിച്ച് അറിയിച്ചു. ടോര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ കൊമ്പേരി അല്ലെങ്കില്‍ വില്ലുണ്ണി ഗ്രൂപ്പില്‍ പെട്ട പാമ്പുകളാണെന്ന് കണ്ടെത്തി. ഇവ വിഷമില്ലാത്തതാണ്. എസി ടെക്‌നീഷ്യന്‍ എത്തി എസി തുറന്നപ്പോള്‍ ആകെ അഞ്ച് വില്ലുണ്ണി പാമ്പുകള്‍ അകത്ത് കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തി. എസിയുടെ പൈപ്പിനടുത്തുള്ള ചുമരില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെ ഇവ വീടിനുള്ളില്‍ ഇഴഞ്ഞു കയറിയതായി സംശയിക്കുന്നു.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നാല് പാമ്പുകളെ പിടികൂടി. ഒന്ന് ദ്വാരത്തിലൂടെ രക്ഷപ്പെട്ടു. ബാല്‍ക്കണിക്ക് സമീപമുള്ള ഒരു മരത്തിലെ ഒരു ശാഖ വീടിലേക്ക് ചാഞ്ഞാണ് നില്‍ക്കുന്നത്. ഇതുവഴിയാകാം പാമ്പുകള്‍ എത്തിയത്. പിടികൂടിയ പാമ്പുകളെ ജനവാസമില്ലാത്ത പ്രദേശത്തെ കുറ്റിക്കാട്ടിലേക്ക് തുറന്നുവിട്ടു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :