'ഞാനാണോ അറസ്റ്റ് ചെയ്യാൻ പറയേണ്ടത്'; ടി.ജി.മോഹൻദാസിനെതിരായ നടപടിയിൽ ആഭ്യന്തര മന്ത്രി
മോഹൻദാസിനെ അറസ്റ്റ് ചെയ്യാൻ തനിക്ക് പറയാൻ പറ്റുമോ എന്നാണ് ചെന്നിത്തല ചോദിക്കുന്നത്
Ramesh Chennithala and TG Mohandas
ഡൽഹി ജന്തർ മന്തറിൽ നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി.മോഹൻദാസ് ലൈംഗികമായി അധിക്ഷേപിച്ചിട്ട് ദിവസം പത്ത് കഴിഞ്ഞു. ഇതുവരെ അയാളെ യുഡിഎഫ് പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെതിരെ ചോദ്യമുയർന്നപ്പോൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നൽകിയത് വിചിത്രമായ മറുപടിയാണ്.
മോഹൻദാസിനെ അറസ്റ്റ് ചെയ്യാൻ തനിക്ക് പറയാൻ പറ്റുമോ എന്നാണ് ചെന്നിത്തല ചോദിക്കുന്നത്. ' ഒരാളെ അറസ്റ്റ് ചെയ്യാൻ ഞാനാണോ പറയണ്ടേ? ഞാൻ അങ്ങനെ പറയാൻ പാടില്ല. ടി.ജി.മോഹൻദാസിന്റെ പേരിൽ പരാതി കിട്ടിയപ്പോൾ തന്നെ ആ പരാതി കൈമാറി. പൊലീസ് അദ്ദേഹത്തിന്റെ പേരിൽ എഫ്.ഐ.ആർ ഇട്ടു. അന്വേഷണം നടക്കുകയാണ്. അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥർ അല്ലേ? ആളെ അറസ്റ്റ് ചെയ്യാൻ എനിക്ക് പറയാൻ പറ്റോ?, ചെന്നിത്തല പറഞ്ഞു.
സമരത്തിനു വന്ന പെൺകുട്ടികൾക്കു ബലാത്സംഗം ഇഷ്ടമാണെന്നും സമരക്കാരെ വെടിവെച്ച് കൊല്ലുമെന്നുമാണ് യുട്യൂബ് ചാനലിലെ വീഡിയോയിൽ മോഹൻദാസ് പറഞ്ഞത്. ' ഈ സാഹചര്യത്തിൽ ഞാൻ ആയിരുന്നുവെങ്കിൽ ആ ഭാഗത്ത് കർഫ്യു പ്രഖ്യാപിക്കും. ജന്തർ മന്തർ സ്ഥലത്ത് ഒരു നാല് സ്‌ക്വയർ കിലോമീറ്ററിൽ കർഫ്യു ഏർപ്പെടുത്തും. ജനക്കൂട്ടത്തോടു പിരിഞ്ഞ് പോകാൻ മൈക്കിൽ ആവശ്യപ്പെടും. മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും, കുറേ പേർ മരിക്കും, കുറേ പേർ മരിക്കില്ല, കുറേ പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂർ കൊണ്ട് ഈ രംഗം ശാന്തമാക്കും. ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കും,' മോഹൻദാസ് പറഞ്ഞു.
സമരത്തിൽ ബലാത്സംഗം നടക്കുമെന്നും മോഹൻദാസ് പറഞ്ഞു. ഇങ്ങനെയുള്ള സമരത്തിൽ കൂട്ട ബലാത്സംഗം നടക്കുമെന്നും അത് ഇഷ്ടപ്പെടുന്ന പെൺകുട്ടികൾ ഉള്ളതിനാൽ ആർക്കും പരാതിയുണ്ടാകില്ലെന്നും ടി.ജി.മോഹൻദാസ് പറയുന്നുണ്ട്. എല്ലാം കാണിക്കാൻ വേണ്ടി ചെറിയ വസ്ത്രങ്ങൾ ധരിച്ചാണ് പെൺകുട്ടികൾ വരുന്നതെന്നും മോഹൻദാസ് ഈ വീഡിയോയിൽ പറയുന്നു.