രേണുക വേണു|
Last Modified ചൊവ്വ, 20 ജനുവരി 2026 (08:26 IST)
PV Anvar: ബേപ്പൂര്‍ സീറ്റല്ലാതെ മറ്റു സീറ്റുകളൊന്നും യുഡിഎഫില്‍ നിന്ന് പി.വി.അന്‍വറിനു ലഭിക്കില്ല. സുരക്ഷിത മണ്ഡലത്തിനായി അന്‍വര്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും കോണ്‍ഗ്രസ് വഴങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ താന്‍ മത്സരിക്കുമെന്ന് അന്‍വര്‍ നേരത്തെ വെല്ലുവിളി മുഴക്കിയിരുന്നു. ബേപ്പൂരില്‍ തന്നെ അന്‍വര്‍ മത്സരിക്കട്ടെ എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
മുഹമ്മദ് റിയാസിനെതിരെ താന്‍ മത്സരിക്കുമെന്ന് അന്‍വര്‍ പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും മണ്ഡലത്തില്‍ എല്‍ഡിഎഫ് അനുകൂല സാഹചര്യമാണെന്ന് മനസിലാക്കിയ ശേഷമാണ് അന്‍വറിന്റെ പിന്നോട്ടു പോക്ക്. എംഎല്‍എ, മന്ത്രി എന്നീ നിലകളിലെല്ലാം മുഹമ്മദ് റിയാസ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതിനാല്‍ ബേപ്പൂരില്‍ യുഡിഎഫിനു പ്രതീക്ഷയില്ലെന്നാണ് അന്‍വര്‍ അണികളും കരുതുന്നത്. അതേസമയം വലിയ വെല്ലുവിളി നടത്തിയ സാഹചര്യത്തില്‍ ഇനി ബേപ്പൂരില്‍ മത്സരിച്ചില്ലെങ്കില്‍ അത് നാണക്കേട് ആകുമെന്നും അന്‍വര്‍ ക്യാംപിനു അറിയാം.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 82,165 വോട്ടുകളുമായാണ് മുഹമ്മദ് റിയാസ് ജയിച്ചത്. 28,747 വോട്ടുകളുടെ ഭൂരിപക്ഷം റിയാസിനുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു മേല്‍ക്കൈ ഉണ്ടായിട്ടും ബേപ്പൂരില്‍ എല്‍ഡിഎഫാണ് മുന്നിട്ടുനിന്നത്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് അന്‍വര്‍ ബേപ്പൂരില്‍ നിന്ന് മാറാന്‍ ആലോചിക്കുന്നത്.