അന്വേഷണം യുഡിഎഫ് നേതൃത്വത്തിലുള്ള ബോര്‍ഡിലേക്ക്; എസ്.ഐ.ടിയില്‍ ഇപ്പോള്‍ തൃപ്തിയില്ലെന്ന് മുരളീധരന്‍
ജയിലില്‍ കിടക്കുന്ന പ്രതികളെ രക്ഷിക്കാന്‍ എസ്.ഐ.ടി സംഘം ശ്രമിക്കുന്നുണ്ടെന്നാണ് മുരളീധരന്റെ വാദം
വാജി വാഹനം ചട്ടം ലംഘിച്ച് തന്ത്രിക്കു കൈമാറിയ യുഡിഎഫ് ഭരണസമിതി സംശയനിഴലില്‍ വന്നതോടെ അന്വേഷണസംഘത്തിനെതിരെ കോണ്‍ഗ്രസ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്ന എസ്.ഐ.ടിയില്‍ തങ്ങള്‍ക്കു സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.
എസ്.ഐ.ടി അന്വേഷണത്തില്‍ തൃപ്തിയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ യുഡിഎഫ് ഭരണസമിതിയിലേക്ക് സംശയമുന നീണ്ടപ്പോള്‍ നിലപാട് മാറ്റുകയാണ്. എസ്.ഐ.ടി അന്വേഷണത്തില്‍ സംശയമുണ്ടെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കട്ടെയെന്നും മുരളീധരന്‍ പറഞ്ഞു.
ജയിലില്‍ കിടക്കുന്ന പ്രതികളെ രക്ഷിക്കാന്‍ എസ്.ഐ.ടി സംഘം ശ്രമിക്കുന്നുണ്ടെന്നാണ് മുരളീധരന്റെ വാദം. യുഡിഎഫ് ഭരണകാലത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡ് അംഗം അജയ് തറയിലുമാണ് വാജി വാഹനം ചട്ടം ലംഘിച്ച് തന്ത്രിക്കു കൈമാറിയതെന്ന് നേരത്തെ ചിത്രങ്ങള്‍ സഹിതം പുറത്തുവന്നിരുന്നു.